
കോട്ടയം: നിയമസഭ ചീഫ് വിപ്പ് എന്‍.ജയരാജിനെ അപമാനിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമം. പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന നാട്ടൊരുമ പരിപാടിയുടെ നോട്ടീസിലാണ് കാഞ്ഞിരപ്പിള്ളി എം.എല്‍.എ കൂടിയായ എന്‍.ജയരാജിൻ്റെ പേര് ഉള്‍പ്പെടുത്തിയത്. എന്നാല്‍ തൻ്റെ അനുവാദം ചോദിച്ചിട്ടല്ല പേര് വച്ചതെന്ന് ജയരാജ് വിശദമാക്കി. പോപ്പുലര്‍ ഫ്രണ്ട് വാഴൂര്‍ ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള നാട്ടൊരുമ ഗ്രാമസദസ് പരിപാടിയിലാണ് ഉദ്ഘാടനകനായി ചീഫ് വിപ്പിൻ്റെ പേര് ഉള്‍പ്പെടുത്തിയത്.

പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നതാണെന്നും, അനുവാദം ചോദിക്കാതെയാണ് പരിപാടിയില്‍ പേര് ഉള്‍പ്പെടുത്തിയതെന്നും ജയരാജ് വ്യക്തമാക്കി. നാട്ടൊരുമ പരിപാടിക്ക് എന്ന പേരിലാണ് പരിചയമുള്ള ഒരാള്‍ വിളിച്ചത്. പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതാണ്. ഇപ്പോള്‍ എന്താണ് ഇത് പ്രചരിപ്പിക്കാന്‍ കാരണമെന്ന് അറിയില്ലെന്നും ജയരാജ് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ഈ നോട്ടീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് വ്യാജപ്രചരണം നടത്തുന്നുണ്ട്. അരൂക്കുറ്റിയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡണ്ട് പോപ്പുലര്‍ ഫ്രണ്ട് ഏരിയാ സമ്മേളനത്തിൻ്റെ ഉദ്ഘാടകനായ നോട്ടീസും സുരേന്ദ്രന്‍ പങ്കുവച്ചിട്ടുണ്ട്.
