
ബന്ധുനിയമനത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി നിയമ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത് മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്ന രേഖകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. മുഖ്യമന്ത്രിയുടെ മൗനം ചിലതെല്ലാം വിളിച്ചു പറയുന്നുണ്ടെന്നും സ്വന്തം മന്ത്രിസഭയിലെ ഒരംഗം രാജിവച്ചതിനെപ്പറ്റി ജനങ്ങളോട് മുഖ്യമന്ത്രി എന്തുകൊണ്ട് വിശദീകരിക്കുന്നില്ലെന്നും വി. മുരളീധരന്‍ ചോദിച്ചു.
മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടു നിന്നിട്ട് മൗനം പാലിക്കുന്ന സി.പി.എമ്മിന്‍റെ അഴിമതി വിരുദ്ധതയെന്ന കാപട്യം ജനം തിരിച്ചറിയണം. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് ഒരു പരിശോധനയും കൂടാതെ ജലീലിനെതിരെ അന്വേഷണമേ ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ പറഞ്ഞത്, അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയും കുടുങ്ങും എന്നതുകൊണ്ടാണ് എന്നും അദ്ദേഹം ആരോപിച്ചു.
