
ബഫർസോണിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെയാണ് യോഗം. റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഉന്നതതലയോഗത്തിൽ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് വനംമന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു.
വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നമുണ്ടായാലും അതിനെ പർവതീകരിക്കുകയാണ്. പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. ബഫർസോൺ വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ച തുടങ്ങിയ വിഷയമാണ്. എന്നാൽ വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇത് ഇപ്പോൾ പൊട്ടിമുളച്ച സംഭവമാണെന്ന്. സർക്കാരിന് എതിരായ സമരങ്ങൾ കർഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

അതേസമയം ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധന റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സർക്കാർ ആലോചന. കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് എജിയും സ്റ്റാൻറിങ് കൗസലുമായും ചർച്ച ചെയ്യും. ഇടുക്കി ജില്ലയിലെ ബഫർ സോൺ റിപ്പോർട്ടിലെ അപാകതയിൽ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മന്ത്രി റോഷി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം. ഇടുക്കി ജില്ലാ കളക്ടർ, വില്ലേജ് ഓഫീസർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് പരിശോധിക്കുക.
