
ചെർക്കള(കാസറഗോഡ്): കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ ചെങ്കള ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് തിരിച്ചുപിടിക്കാൻ പ്രചാരണം ശക്തമാക്കി യു.ഡി.എഫ്. വനിതാ സംവരണ വാർഡിൽ ഇത്തവണ മുസ്ലിം ലീഗ് ഇറക്കിയിരിക്കുന്നത് നാട്ടുകാരിയായ മിസ്‌രിയ ടീച്ചറെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാട്ടുകാരെ സ്ഥാനാർത്ഥിയാക്കാത്തതിലുള്ള വിയോജിപ്പ് നാട്ടുകാർ പ്രകടിപ്പിച്ചിടുന്നു. അത് മുഖവിലക്കെടുക്കാത്ത ലീഗ് ജില്ലാ നേതൃത്വത്തോടുള്ള വിയോജിപ്പ് വോട്ടിലൂടെ നാട്ടുകാർ പ്രകടമാക്കി. ഉരുക്കുകോട്ടയിൽ ലീഗ് സ്ഥാനാർഥി തോറ്റതോടെ 20 വർഷമായി കൈവശമുണ്ടായിരുന്ന മുസ്ലിം ലീഗിലെ വി.ഐ.പി വാർഡ് നഷ്ടപ്പെടുകയായിരുന്നു. ഈ സംഭവം ലീഗിനകത്ത് വലിയ ചർച്ചക്ക് വഴിവെച്ചു.

അതിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് ലീഗ് നേതൃത്വം ഇത്തവണ ഇറക്കുമതി സ്ഥാനാർഥി വേണ്ടന്ന് വെച്ചത്. പകരം നാട്ടുകാരിയായ അധ്യാപികയെ സ്ഥാനാർത്ഥിയാക്കിയാണ് നാട്ടുകാരെ ഒന്നിപ്പിച്ച് പ്രചാരണം നടത്തുന്നത്. നാട്ടുകാരുടെ ഒറ്റകെട്ടായുള്ള നീക്കങ്ങൾ പാർട്ടി പ്രവർത്തകർക്ക് വലിയ ആത്മവിശവാസമാണ് നൽകുന്നത്. മുസ്ലിം ലീഗിനകത്ത് ഇത്തവണ അഭിപ്രായ ഭിന്നത രൂപപെട്ടില്ല എന്നതും ലീഗിന് ആശ്വാസമായി.


നാട്ടുകാരെ ഒന്നിപ്പിച്ചുള്ള പ്രവർത്തനം യു.ഡി.എഫിനെ ശക്തിപെടുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ ഗൃഹ സന്ദർശനം നിലവിൽ തുടരുകയാണ്. വലിയ ഭൂരിപക്ഷത്തിൽ ഇത്തവണ അഞ്ചാം വാർഡ് തിരിച്ചുപിടിക്കുമെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.
