വീണ്ടും സ്‌നേഹ വീടുമായി ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ്; ഗീതാറാണിക്ക് ഇനി കുടുംബശ്രീയുടെ കൈത്താങ്ങ്

  • Post category:local news
  • Reading time:1 min read
You are currently viewing വീണ്ടും സ്‌നേഹ വീടുമായി ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ്; ഗീതാറാണിക്ക് ഇനി കുടുംബശ്രീയുടെ കൈത്താങ്ങ്

കാസർകോട്: മേല്‍പ്പറമ്പ് കട്ടക്കാലില്‍ സഹോദരിയുടെ കുടുംബത്തിനൊപ്പം വാടക ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് കുട്ടികള്‍ക്കൊപ്പം താമസിക്കുന്ന ഗീതാറാണിക്ക് സ്‌നേഹ വീടുമായി ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ്. ഗീതാറാണിയുടെ സഹോദരന്‍ വസുദേവ ചെമ്മനാട് പഞ്ചായത്തിലെ ദേളി ഉലൂചിയില്‍ നല്‍കിയ 5 സെന്റ് സ്ഥലത്താണ് ഗീതാറാണിക്ക് വീടൊരുങ്ങുന്നത്.

ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കറുടെ നേതൃത്വത്തിലുള്ള ചെമ്മനാട് സി.ഡി.എസ് നല്‍കുന്ന രണ്ടാമത്തെ വീടാണ് ഗീതാറാണിക്കായി ഒരുങ്ങുന്നത്. പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് 100 രൂപ വീതം സ്വരുപിച്ചാണ് ഏകദേശം എട്ടരലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് ഗീതാറാണിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇരുപതു വയസ്സുള്ള ഭിന്നശേഷിയുള്ള മകളും മറ്റു രണ്ടു മക്കളോടൊപ്പം ഗീതാറാണി സഹോദരിയുടെ കുടുംബത്തിനോടൊപ്പമാണ് താമസിക്കുന്നത്.

സ്‌നേഹ വീടിനായി ചെമ്മനാട് പഞ്ചായത്ത് പരിധിയില്‍ നിന്നും വന്ന 17 അപേക്ഷകളില്‍ ഗീതാറാണിയെ സി.ഡി.എസ് ഭരണസമിതി തിരഞ്ഞെടുക്കുകയായിരുന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ സ്‌നേഹഭവനത്തിന് കുറ്റിയടിച്ചു.

വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, ആയിഷ അബൂബക്കര്‍, ഷംസുദ്ദീന്‍ തെക്കില്‍, രമ ഗംഗാധരന്‍, രാജന്‍ കെ പൊയിനാച്ചി, മറിയ മാഹിന്‍, വീണാറാണി, മെമ്പര്‍ സെക്രട്ടറി എം.കെ.പ്രദീഷ്, വൈസ് ചെയര്‍പേഴ്‌സണ്‍ അനീസ പാലോത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍, സി.ഡി.എസ് അംഗങ്ങളായ ശശികല, സീനത്ത്, പ്രിയ വിശ്വം തുടങ്ങിയവരും എ.ഡി.എസ് അംഗങ്ങളും സംബന്ധിച്ചു.

സി.ഡി.എസ് ഭരണസമിതി യോഗത്തിലാണ് കുടുംബശ്രീ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ടാമതൊരു വീട് കൂടി നിര്‍മ്മിച്ചു നല്കാന്‍ തീരുമാനിച്ചത്. എല്ലാ വാര്‍ഡുകളില്‍ നിന്നും അപക്ഷകള്‍ വന്നിരുന്നു. സി.ഡി.എസ് അംഗങ്ങള്‍ നേരിട്ട് പോയി അന്വേഷിച്ച് ഗീത റാണിയുടെ ദയനീയ സ്ഥിതി മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തില്‍ അവരെ തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ ബണ്ടിച്ചാല്‍ മണ്ഡലിപ്പാറയില്‍ താമസിച്ചിരുന്ന അംബികയ്ക്ക് ചെമ്മനാട് സി.ഡി.എസിൻ്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചുകൊടുത്തിരുന്നു.

0Shares