ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യു.കെയിൽ തൊഴിൽ; കഴിവും യോഗ്യതയും ഉള്ളവര്‍ക്ക്‌ അവസരങ്ങളുടെ വാതിൽ തുറക്കുന്നത് ഇങ്ങനെ

You are currently viewing ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യു.കെയിൽ തൊഴിൽ; കഴിവും യോഗ്യതയും ഉള്ളവര്‍ക്ക്‌ അവസരങ്ങളുടെ വാതിൽ തുറക്കുന്നത് ഇങ്ങനെ

കേരളത്തില്‍ നിന്നുളള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യു.കെയിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാരും യു.കെയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ലണ്ടനില്‍ നടന്ന യൂറോപ്പ് -യു.കെ മേഖലാ സമ്മേളനത്തിലാണ് ധാരണാപാത്രം ഒപ്പുവെച്ചത്. കേരള സര്‍ക്കാറിനുവേണ്ടി നോര്‍ക്ക റൂട്ട്സും യു.കെയില്‍ എന്‍.എച്ച്.എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ്) സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ ബോര്‍ഡുകളായ ദ നാവിഗോ ആന്റ് ഹമ്പർ ആന്റ് നോർത്ത് യോർക് ഷയർ ഹെൽത്ത് ആന്റ് കെയർ പാർട്‌ണർഷിപ്പും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്.

സുരക്ഷിതവും, സുതാര്യവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് സുഗമമായ കുടിയേറ്റം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നടപടികള്‍ പൂര്‍ത്തിയായശേഷം നവംബറില്‍ ഒരാഴ്‌ചയോളം നീളുന്ന യു.കെ എംപ്ലോയ്മെണ്ട് ഫെസ്റ്റ് സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യ മേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി 3000 ലധികം ഒഴിവുകളിലേയ്ക്കാണ് ഇതുവഴി തൊഴില്‍ സാധ്യത തെളിയുന്നത്.

ലോക കേരളസഭ യൂറോപ്പ് -യു.കെ

ലോക കേരളസഭയുടെ യൂറോപ്പ് -യുകെ മേഖലാ സമ്മേളനം ലണ്ടനില്‍ ഉദ്ഘാടനം ചെയ്തു. വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴില്‍ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റനിയമം അനിവാര്യമാണെന്ന് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സര്‍ക്കാര്‍ നയം. നാട്ടില്‍ തന്നെ വികസനമൊരുക്കി നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശാക്തീകരിക്കുകയും, ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഹബ്ബായി കേരളത്തെ മാറ്റുകയുമാണ് ലക്ഷ്യം.

കേരളത്തിൻ്റെ വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രവാസികളുടെ ആശയങ്ങളും പിന്തുണയും ലഭ്യമാക്കണം.

വ്യത്യസ്ത മേഖലകളിലുള്ള പ്രവാസികളുടെ പ്രത്യേക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രവാസി സഹകരണവും ഇടപെടലുകളും വര്‍ധിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങള്‍. പ്രവാസികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്ങ്ങള്‍ കൂടി കേള്‍ക്കുക എന്നതാണ് ലക്ഷ്യം. ഇത്തരത്തിലുള്ള രണ്ടാമത്തെ സമ്മേളനമാണ് ലണ്ടനില്‍ നടന്നത്. ആദ്യ മേഖലാ സമ്മേളനം 2019 ല്‍ യു.എ.ഇയിൽ നടന്നിരുന്നു.

0Shares