Trending News





75 വർഷത്തെ ഇടവേളക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയപ്പോൾ അമർജിത് സിങ്ങിനും കുൽസൂം അക്തറിനും സന്തോഷം പങ്കുവെക്കാൻ വാക്കുകളുണ്ടായിരുന്നില്ല. വിഭജനത്തോടെ വേർപെട്ടുപോയ ഇരുവരും പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടുമുട്ടിയത് പാകിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബിലാണ്.
വിഭജനത്തെ തുടർന്ന് പാകിസ്താനിലേക്ക് പോയ അമർജിതിൻ്റെ മാതാപിതാക്കൾ അദ്ദേഹത്തെയും സഹോദരിയേയും ഇന്ത്യയിൽ ഉപേക്ഷിക്കുകയായിരുന്നു. മാതാപിതാക്കൾ പാകിസ്താനിലെത്തിയതിന് ശേഷമാണ് കുൽസൂം ജനിച്ചത്. ഉപേക്ഷിച്ചുപോന്ന മക്കളെയോർത്ത് തൻ്റെ അമ്മ എപ്പോഴും കരയാറുണ്ടായിരുന്നുവെന്ന് കുൽസൂം പറഞ്ഞു.

തൻ്റെ സഹോദരനെ ജീവിതത്തിലൊരിക്കലും കണ്ടുമുട്ടാനാവുമെന്ന് കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുമ്പ് അച്ഛന്റെ സുഹൃത്തായ സർക്കാർ ദാരാ സിങ് പാകിസ്താനിലെത്തിയപ്പോൾ അമർജിതിൻ്റെയും കുൽസൂമിന്റെയും അമ്മ അദ്ദേഹത്തോട് തൻ്റെ മക്കളെ കുറിച്ചും ജലന്ധറിലെ വീടിനെക്കുറിച്ചും പറഞ്ഞതാണ് വർഷങ്ങൾക്ക് ശേഷമുള്ള ഒത്തുചേരലിന് വഴിയൊരുക്കിയത്.
തിരിച്ച് ജലന്ധറിലെത്തിയ ദാരാ സിങ് കുട്ടികളെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. അപ്പോഴേക്കും അമർജിതിൻ്റെ സഹോദരി മരിച്ചുപോയിരുന്നു. അമർജിതിനെ 1947ൽ ഒരു സിഖ് കുടുംബം ദത്തെടുക്കുകയും അമർജിത് സിങ് എന്ന് പേര് നൽകുകയും ചെയ്തിരുന്നു. സഹോദരനെക്കുറിച്ച് വിവരം ലഭിച്ചതോടെ കുൽസൂം അദ്ദേഹത്തെ വാട്‌സ്ആപ്പിലൂടെ ബന്ധപ്പെട്ട് പരസ്പരം കാണാൻ ധാരണയിലെത്തുകയായിരുന്നു.

Sorry, there was a YouTube error.