കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ബീഹാറില്‍ ബി.ജെ.പി നീക്കം; പത്ത് എം.എല്‍.എമാര്‍ കുറുമാറിയേക്കും

  • Post category:national / news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ബീഹാറില്‍ ബി.ജെ.പി നീക്കം; പത്ത് എം.എല്‍.എമാര്‍ കുറുമാറിയേക്കും

ന്യൂഡല്‍ഹി: ബീഹാറില്‍ നിതീഷ് കുമാറിൻ്റെ കൂറുമാറ്റ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ബി.ജെ.പി. കോണ്‍ഗ്രസിനെ പിളര്‍ത്താനാണ് ബി.ജെ.പി നീക്കമെന്ന് റിപ്പോര്‍ട്ട്. പത്തോളം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം കേന്ദ്ര മന്ത്രി നിത്യാനന്ദ റായിയെയാണ് പുതിയ നീക്കങ്ങള്‍ക്ക് ചുമതലപ്പെടുത്തിയത്.

മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെയും, ഉപേന്ദ്ര കുശ്വാഹയെയും അദ്ദേഹം കണ്ടിട്ടുണ്ട്. കുശ്വാഹയുടെ ആര്‍.എല്‍.എസ്.പി നേരത്തെ ജെ.ഡിയുവില്‍ ലയിച്ചിരുന്നു. ജെ.ഡി.യുവിൻ്റെ പാര്‍ലമെണ്ടറി ബോര്‍ഡിൻ്റെ ചെയര്‍മാനായും കുശ്വാഹയെ നേരത്തെ നിയമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാഷ്ട്രീയ ലോക് ജനതാദള്‍ എന്ന പുതിയ പാര്‍ട്ടി അദ്ദേഹം രൂപീകരിച്ചിരുന്നു.

അതേസമയം, നിതീഷ് സര്‍ക്കാര്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വീഴുമെന്ന് ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന്‍ പറഞ്ഞു. മാഞ്ചിയുടെ പാര്‍ട്ടിയായ എച്ച്‌.എ.എം.എന്‍.ഡി.എയുടെ ഭാഗമാണ്. സന്തോഷ് സുമന് നേരത്തെ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഉപമുഖ്യമന്ത്രി പദം ഓഫര്‍ ചെയ്‌തതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.

എന്നാല്‍, ഇത്തരം ഓഫറുകള്‍ കൊണ്ടൊന്നും തന്നെ സ്വാധീനിക്കാൻ ആവില്ലെന്ന് സുമന്‍ പറഞ്ഞു. ഞങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കും. ഇത്തരം ഓഫറുകള്‍ വന്നു.കൊണ്ടേയിരിക്കുമെന്നും സുമന്‍ പറഞ്ഞു. ബി.ജെ.പിയില്‍ നിന്ന് സഖ്യകക്ഷികളെ അടര്‍ത്തി എ ടുക്കാനുള്ള ശ്രമങ്ങളാണ് ആര്‍.ജെ.ഡി നടത്തിയത്.

ആര്‍.ജെ.ഡി എംഎല്‍എമാരുടെ യോഗം ചേര്‍ന്നിരിക്കുകയാണ്. ലാലു പ്രസാദ് യാദവ് ജെ.ഡി.യുവിനെ പിളര്‍ത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. നിതീഷിനോട് നിലപാട് വ്യക്തമാക്കാന്‍ ആര്‍.ജെ.ഡി എം.പി മനോജ് ജാ ആവശ്യപ്പെട്ടിട്ടുണ്ട്. നിതീഷ് ഇക്കാര്യത്തില്‍ നിലപാട് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ സഖ്യത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

അതേസമയം, ബി.ജെ.പി ശനിയാഴ്‌ച നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം നിതീഷുമായി ചേരുന്ന കാര്യം തീരുമാനിക്കും. നിലവില്‍ കാഴ്ച്ചക്കാരായി നില്‍ക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. തിരക്കിട്ട് തീരുമാനം വേണ്ടെന്നാണ് സംസ്ഥാന നേതൃത്വവും പറയുന്നത്. നിതീഷ് വന്നാലും ഇല്ലെങ്കിലും കാര്യമായ നേട്ടങ്ങള്‍ ഇല്ലെന്നാണ് ബി.ജെ.പിയുടെ വാദം.

0Shares