
‘ധനം നിങ്ങള്‍ക്ക് സന്തോഷം നല്‍കില്ല, പക്ഷേ സന്തോഷം കണ്ടെത്താനുള്ള അവസരങ്ങള്‍ നല്‍കും’ -സാമ്പത്തിക വിദഗ്ധര്‍ പലപ്പോഴും ചൂണ്ടിക്കാട്ടുന്ന ഒരു ഉദ്ധരണിയാണിത്.
എത്ര ധനമുണ്ടായാലും അത് എങ്ങനെ ചെലവഴിക്കുന്നു എന്നത് അനുസരിച്ചിരിക്കും നിങ്ങളുടെ ജീവിതം. ഇത് ശരിയാണെന്ന് അടിവരയിട്ടു പറയുകയാണ് സുശീല്‍ കുമാര്‍ എന്ന ‘കോടിപതി’യുടെ ജീവിതം. സുശീല്‍ കുമാര്‍, അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച ‘കോന്‍ ബനേഗാ ക്രോര്‍പതി’ എന്ന പ്രശസ്തമായ ടി.വി ഷോയിലെ വിജയി. 2011ല്‍ ‘കോന്‍ ബനേഗാ ക്രോര്‍പതി’യുടെ അഞ്ചാം എഡിഷനില്‍ ജേതാവായ ബിഹാര്‍ സ്വദേശി സുശീല്‍ കുമാറിന് സമ്മാനമായി ലഭിച്ചത് അഞ്ചുകോടി രൂപയാണ്.

സാധാരണക്കാരനായ ഒരാള്‍ക്ക് സ്വപ്‌നം കാണാനാവുന്നതിലും വലിയ നേട്ടം. കോടിപതിയായ സുശീല്‍ കുമാറിന്‍റെ പിന്നീടുള്ള ജീവിതം സുഖസമൃദ്ധിയും സന്തോഷവും നിറഞ്ഞതാണെന്ന് കരുതിയെങ്കില്‍ തെറ്റി. അഞ്ചുകോടി സമ്മാനമായി ലഭിച്ച സംഭവത്തെ അഞ്ചുവര്‍ഷത്തിന് ശേഷം സുശീല്‍ കുമാര്‍ വിശേഷിപ്പിച്ചത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്നായിരുന്നു.
അഞ്ചുകോടി സമ്മാനമായി നേടിയതോടെ സുശീല്‍ കുമാര്‍ ഒരു സെലിബ്രിറ്റിയായി മാറുകയായിരുന്നു. എന്നും പരിപാടികളില്‍ പങ്കെടുക്കല്‍, ഉദ്ഘാടനങ്ങള്‍, അഭിമുഖങ്ങള്‍. മാസത്തില്‍ പകുതി ദിവസങ്ങളും പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ചെലവിട്ടു. വന്‍തോതില്‍ പണം സംഭാവനയായി നല്‍കുന്ന ശീലവുമുണ്ടായിരുന്നു. എന്നാല്‍, ഇതില്‍ പലരും കബളിപ്പിക്കുകയായിരുന്നെന്ന് പിന്നീടാണ് മനസിലായത്. ‘പല ബിസിനസുകളും ചെയ്തെങ്കിലും മുന്‍പരിചയമില്ലാത്തതിനാല്‍ എല്ലാം തകര്‍ന്നു. ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാന്‍ അക്കാലത്ത് സാധിച്ചിരുന്നില്ല. ദാമ്പത്യ ബന്ധത്തില്‍ പോലും ഉലച്ചിലുകളുണ്ടായി.’ -സുശീല്‍ കുമാര്‍ പറയുന്നു.
പില്‍ക്കാലത്ത് ബിസിനസിന്‍റെ ഭാഗമായി ഡല്‍ഹിയിലെത്തിയ സുശീല്‍കുമാറിന് അവിടെ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വലിയ സുഹൃദ സംഘമുണ്ടായി.

പഠിച്ച് വലിയ ആളാകണമെന്നായിരുന്നു ആഗ്രഹമെങ്കിലും പഠനം തുടരാന്‍ സാധിച്ചില്ല. കൂട്ടികെട്ടിന്‍റെ ഭാഗമായി മദ്യപാനവും പുകവലിയും മറ്റ് ദുശ്ശീലങ്ങളുമെല്ലാം ആരംഭിച്ചു. തനിക്ക് പരിചയമില്ലാത്ത നിരവധി നിക്ഷേപങ്ങളില്‍ പണം നല്‍കി വലിയ നഷ്ടങ്ങള്‍ നേരിട്ടു.
സിനിമകളോട് വലിയ താല്‍പര്യമായിരുന്നു സുശീലിന്. സമയം മുഴുവന്‍ സിനിമ കാണാനായി സുശീല്‍ മാറ്റിവെച്ചു. ഒരുദിവസം സിനിമ കണ്ടുകൊണ്ട് ഇരിക്കുമ്പോള്‍ ഭാര്യ മുറിയിലേക്ക് വരികയും ഒരേ സിനിമ തന്നെ പലയാവര്‍ത്തി കണ്ടുകൊണ്ടിരിക്കുന്നതിന് സുശീലിനോട് വഴക്കിടുകയും മുറി വിട്ട് പുറത്ത് പോവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭാര്യയുമായി അത്ര സ്വരചേര്‍ച്ചയില്‍ അല്ലാത്തതിനാല്‍ അപ്പോള്‍ തന്നെ മുറി വിട്ട് ഇറങ്ങി.
വീട്ടില്‍ നിന്നിറങ്ങിയപ്പോഴാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സുശീലിനെ വിളിച്ചത്. എന്തെങ്കിലും പുതുതായി ചെയ്യാന്‍ പദ്ധതിയുണ്ടോ എന്നായിരുന്നു ചോദ്യം. ഇതില്‍ പ്രകോപിതനായി മറുപടിയായി ‘എന്‍റെ സമ്മാന തുകയെല്ലാം തീര്‍ന്നു, ഇപ്പോള്‍ പശുക്കളെ വാങ്ങി പാലുവിറ്റാണ് ജീവിക്കുന്നത്’ എന്നാണ് സുശീല്‍ പറഞ്ഞത്. ഈ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. ഇതോടെ സുശീലിനെ ആളുകള്‍ പരിപാടികള്‍ക്ക് വിളിക്കാതായി. സുഹൃത്തുക്കളും മറ്റും അകലം കാണിച്ചു തുടങ്ങി.

അതിനിടെ, ചിലരുടെ സിനിമാ വാഗ്ദാനങ്ങളെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറി. ഏറെ പണം മുടക്കിയെങ്കിലും എല്ലാം നഷ്ടത്തിലായി. ഭാര്യയുമായുള്ള വഴക്ക് രൂക്ഷമായി വിവാഹ മോചനത്തോളം എത്തിയിരുന്നു. സിനിമയിലും സീരിയലിലും കഥയെഴുത്തിലുമെല്ലാം ഒരുകൈ നോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. ഒടുവില്‍ തന്‍റെ ഗ്രാമത്തിലേക്ക് തന്നെ തിരിച്ചെത്തി. മദ്യപാനവും മറ്റ് ദുശ്ശീലങ്ങളും ഉപേക്ഷിച്ചു.
പാതിവഴിക്ക് ഉപേക്ഷിച്ച പഠനം തുടരുകയും ലളിത ജീവിതം നയിക്കുകയും ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും സജീവമായി. പിന്നീട് അധ്യാപകനായി ജോലി ആരംഭിച്ച് ജീവിതം വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങി.
പട്‌നയിൽ നിന്ന് 170 കിലോമീറ്റർ വടക്കുള്ള മോത്തിഹാരിയിലെ ഹനുമാൻ ഗാധിയിലെ താമസക്കാരനായ 35 കാരനായ സുശീൽ 2017 ലെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ (ടി.ഇ.ടി) വിജയിച്ചു. ഒ.ബി.സി ക്വാട്ടയിൽ സംവരണ ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാം ആയിരുന്നിട്ടും അത് ചെയ്യാതെ പരീക്ഷയിൽ 140-ൽ 100 മാർക്ക് നേടി. പരീക്ഷ പാസായ 16.07 ശതമാനം ഉദ്യോഗാർത്ഥികളിൽ അദ്ദേഹവും ഉൾപ്പെട്ടു. അഞ്ചുകോടി രൂപയുടെ ജാക്ക്പോട്ട് നേടിയ മോത്തിഹാരി ഉത്തര യന്ത്രം സുശീൽ കുമാർ കൂടുതൽ ചോദ്യങ്ങൾ നേരിടാൻ തയ്യാറാണ് -ഇത്തവണ സ്‌കൂൾ അധ്യാപകനായി തൻ്റെ വിദ്യാർത്ഥികളിൽ നിന്ന്.
2020 സെപ്റ്റംബറിലാണ് സുശീല്‍ കുമാര്‍ തന്‍റെ ജീവിതകഥ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇപ്പോള്‍ ജീവിതത്തില്‍ ഒരു പുതിയ ആവേശം ഉണ്ടെന്നും, ജീവിതത്തിലുടനീളം പരിസ്ഥിതിയെ സേവിക്കാനുള്ള അവസരം ലഭിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നുമാണ് സുശീല്‍ കുമാര്‍ പറഞ്ഞത്.
