
പത്തനംതിട്ട: പന്തളത്ത് വന്‍ ലഹരിമരുന്ന് വേട്ടയിൽ യുവതിയടങ്ങുന്ന അഞ്ചംഗ സംഘം പിടിയിലായി. തെക്കന്‍ കേരളത്തിലെ ഏറ്റവുംവലിയ ലഹരിവേട്ടയാണിതെന്നാണ് സൂചന. കൊല്ലം സ്വദേശിനി ഷാഹിന പള്ളിക്കല്‍, അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ (മോനായി), പെരിങ്ങനാട് സ്വദേശി ആര്യന്‍, പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍, കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍ എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ‘ഡാന്‍സാഫ്’ സംഘമാണ് പ്രതികളെ പിടികൂടിയത്. ഹോട്ടല്‍ മുറിയില്‍ നിന്ന് 154 ഗ്രാം എം.ഡി.എം.എയും ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തു.

പന്തളം മണികണ്ഠൻ ആല്‍ത്തറയ്ക്ക് സമീപം റിവര്‍ വോക്ക് ഹോട്ടലില്‍ നിന്നും ശനിയാഴ്‌ച ഉച്ചയോടെയാണ് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കെ.എ വിദ്യാധരൻ്റെ നേതൃത്വത്തില്‍ എം.ഡി.എം.എ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്. പിടിയിലായവരെല്ലാം ലഹരി വില്‍പനക്കാര്‍ ആണെന്നും ബംഗളൂരുവില്‍ നിന്നാണ് എം.ഡി.എം.എ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
പ്രതികളിൽനിന്ന് എംഡിഎംഎ കൂടാതെ കഞ്ചാവും ഗർഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും പൊലീസ് പിടിച്ചെടുത്തു. പ്രതികളെല്ലാം ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണ്. പിടിയിലായ യുവതി ഒപ്പമുണ്ടായിരുന്ന ഒരു യുവാവിന്‍റെ കാമുകിയാണെന്ന സൂചനയും പൊലീസ് നൽകുന്നു. ഇവർ ഉപയോഗിച്ച ഒമ്പത് മൊബൈൽ ഫോണുകളും രണ്ടു കാറുകളും ഒരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്‌ച രാഹുലും ഷാഹിനയുമാണ് പന്തളത്തെ ലോഡ്ജിൽ മുറിയെടുത്തത്. സംഘത്തിലെ മറ്റുള്ളവർ പിന്നീട് ഇവിടേക്ക് വരികയായിരുന്നു. പിടിച്ചെടുത്ത എംഡിഎംഎയിൽ നാല് ഗ്രാം മാത്രമാണ് ഒരാളിൽനിന്ന് കണ്ടെടുത്തത്. ബാക്കിയെല്ലാം മുറിയിലുണ്ടായിരുന്ന ബാഗിൽനിന്നാണ് കണ്ടെടുത്തത്. സംഘത്തിലുണ്ടായിരുന്ന യുവതിയും ലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. മുറിയിലെ അലമാരയിൽനിന്നാണ് കഞ്ചാവും ഗർഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും പൊലീസ് പിടിച്ചെടുത്തത്.
അറസ്റ്റിലായവർക്ക് മറ്റ് ജോലിയൊന്നും ഇല്ലെന്നും, ഇവർ ലഹരിമരുന്ന് വിൽപ്പനയിലൂടെയാണ് പണമുണ്ടാക്കിയിരുന്നതെന്നും പൊലീസ് പറയുന്നു. ബംഗളുരു, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് എത്തിക്കുന്ന ലഹരിമരുന്ന് പത്തനംതിട്ടയിലെ ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയാണ് ഇവർ ചെയ്തിരുന്നത്. കേസിന്‍റെ തുടരന്വേഷണ ചുമതല പന്തളം എസ്എച്ച്ഒയ്ക്കാണ്.
