
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വന്‍ സ്വര്‍ണ വേട്ട. 7 കിലോ 300 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതിമാരാണ് പിടിയിലായത്. ദുബായില്‍ നിന്ന് എത്തിയ പെരിന്തല്‍മണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദു സമദ്, ഭാര്യ സഫ്‌ന അബ്ദു സമദ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. അബ്ദു സമദിൻ്റെ പക്കല്‍ നിന്ന് 3672 ഗ്രാം സ്വര്‍ണവും സഫ്‌നയുടെ പക്കല്‍ നിന്ന് 3642 ഗ്രാം സ്വര്‍ണവും പിടികൂടി.

ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സഫ്‌ന അഞ്ച് മാസം ഗര്‍ഭിണിയാണ്. ഗര്‍ഭിണിയായതിനാല്‍ പരിശോധനകളില്‍ ഇളവ് ലഭിക്കുമെന്ന് കരുതിയാകാം ഇവര്‍ സ്വര്‍ണം കടത്തിയതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസും കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു. മൂന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.
ആറ് യാത്രക്കാരില്‍ നിന്നായി 6.2 കിലോ ഗ്രാം സ്വര്‍ണമാണ് ഡി.ആര്‍.ഐയുടെ പരിശോധനയില്‍ പിടികൂടിയത്. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ആറ് പേരും എത്തിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. ശരീരത്തിലും ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
