
ന്യൂയോർക്ക്: ബാള്‍ട്ടിമോർ പാലം തകരാൻ ഇടയാക്കിയ ചരക്ക് കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് കപ്പല്‍ കമ്പനി. ചരക്കുകപ്പലായ ദാലിയിലെ 22 ജീവനക്കാരും ഇന്ത്യക്കാരെന്ന് കപ്പല്‍ കമ്പനിയായ സിനെർജി സ്ഥിരീകരിച്ചു. അപകടത്തില്‍ ആർക്കും പരിക്കേറ്റതായി വിവരമില്ല.
സിംഗപ്പുർ പതാകയുള്ള ദാലി, സിനെർജി മറൈൻ ഗ്രൂപ്പിൻ്റെ കപ്പലാണ്. ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പല്‍. ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് കപ്പല്‍ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തില്‍ ഇടിച്ചത്. പാലത്തിൻ്റെ പ്രധാന തൂണില്‍ കപ്പല്‍ ഇടിച്ച് പാലത്തിൻ്റെ വലിയൊരു ഭാഗം ഒന്നാകെ തകർന്നുവീണു.
കപ്പലിടിച്ച് പാലം തകര്‍ന്ന അപകടത്തില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കാരണമായത് കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ സമയോചിത ഇടപെടല്‍. സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലുള്ള സിംഗപ്പൂര്‍ കമ്പനിയായ ഗ്രേസ് ഓഷ്യന്‍ പി.ടി.ഇയുടെ ചരക്ക് കപ്പലായ ഡാലി ആണ് അപകടത്തില്‍ പെട്ടത്. മലയാളിയ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെതാണ് സിനർജി കമ്പനി. അപകടം നടക്കുമ്പോള്‍ കപ്പലില്‍ ഉണ്ടായിരുന്നതെല്ലാം ഇന്ത്യക്കാരായ ജീവനക്കാരായിരുന്നു.
കപ്പല്‍ പാലത്തില്‍ ഇടിക്കും മുമ്പ് ജീവനക്കാര്‍ അടിയന്തര സന്ദേശമായ മേയ് ഡേ കോള്‍ ചെയ്‌തുവെന്നും അതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം കുറയ്ക്കാന്‍ സാധിച്ചെന്നും മേരിലാന്‍ഡ് ഗവര്‍ണര്‍ പറഞ്ഞു. കപ്പലിലെ ജീവനക്കാര്‍ ഹീറോകളാണ്.
നിരവധി ജീവനുകളാണ് അവര്‍ കഴിഞ്ഞ രാത്രി രക്ഷിച്ചത്, -ഗവര്‍ണര്‍ വെസ് മൂര്‍ പറഞ്ഞു. മണിക്കൂറില്‍ ഒമ്പത് മൈല്‍ സ്‌പീഡിലായിരുന്ന കപ്പല്‍ പൊടുന്നനേ തിരിയുകയും പാലത്തിൻ്റെ തൂണിനടുത്തേക്ക് നീങ്ങുകയുമായിരുന്നു. എന്നാല്‍, അപകടം തിരിച്ചറിഞ്ഞ ഉടന്‍ കപ്പല്‍ ജീവനക്കാര്‍ അടിയന്തര സന്ദേശമായ മേയ് ഡേ കോള്‍ നല്‍കി. ഇതാണ് അപകടത്തിൻ്റെ വ്യാപ്‌തി കുറച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

അപകടത്തില്‍ കപ്പലിന് തീപിടിക്കുകയും ഡീസല്‍ നദിയില്‍ കലരുകയും ചെയ്‌തിരുന്നു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. വെള്ളത്തില്‍ വീണ് 20 പേരെ കാണാതായതായെന്നും ഏഴ് വാഹനങ്ങള്‍ നദിയിലേക്ക് വീണെന്നുമായിരുന്നു പ്രാദേശിക മാധ്യമങ്ങള്‍ ആദ്യം റിപ്പോർട്ട് ചെയ്‌തത്.
27 ദിവസം നീളുന്ന യാത്രാ പദ്ധതിയായിരുന്നു അധികൃതർ കപ്പലിന് തയ്യാറാക്കിയിരുന്നത്. ഏപ്രില്‍ 22ന് കപ്പല്‍ കൊളംബോയില്‍ എത്തിച്ചേരേണ്ടതായിരുന്നു. പനാമയില്‍ നിന്നും മാർച്ച് 19നാണ് കപ്പല്‍ ന്യൂയോർക്കില്‍ എത്തിയത്. തുടർന്ന് ശനിയാഴ്‌ച ബാള്‍ട്ടിമോറിലേക്കെത്തി. രണ്ടുദിവസം ഇവിടെ തങ്ങിയ ശേഷം ചൊവ്വാഴ്‌ച പുലർച്ചെ ഒന്നോടെ ബാള്‍ട്ടിമോറില്‍ നിന്ന് യാത്രതിരിച്ചെങ്കിലും അമേരിക്കൻ പ്രാദേശിക സമയം 1.30ഓടെ അപകടത്തില്‍ പെടുകയായിരുന്നു.
