സ്പന്ദനം പരിപാടിക്ക് തുടക്കം കുറിക്കുന്നു; കുട്ടികളുടെ വളർച്ച – പഠന സ്വഭാവ പ്രശ്നങ്ങള്‍ക്ക് പരിഹാരം; തൃക്കരിപ്പൂര്‍ കൊയോങ്കര ആയുര്‍വ്വേദാശുപത്രി‌യിൽ തുടക്കം കുറിക്കുന്ന പുതിയ പദ്ധതി; കൂടുതൽ അറിയാം..

You are currently viewing സ്പന്ദനം പരിപാടിക്ക് തുടക്കം കുറിക്കുന്നു; കുട്ടികളുടെ വളർച്ച – പഠന സ്വഭാവ പ്രശ്നങ്ങള്‍ക്ക് പരിഹാരം; തൃക്കരിപ്പൂര്‍ കൊയോങ്കര ആയുര്‍വ്വേദാശുപത്രി‌യിൽ തുടക്കം കുറിക്കുന്ന പുതിയ പദ്ധതി; കൂടുതൽ അറിയാം..

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയോങ്കര ഗവ.ആയുര്‍വ്വേദ ആശുപത്രി കേന്ദ്രീകരിച്ച് സ്പന്ദനം പരിപാടിക്ക് തുടക്കം കുറിക്കുന്നു. കുട്ടികളിലെ വിവിധ വളര്‍ച്ചാ പ്രയാസവും പഠന സ്വഭാവ പ്രശ്നങ്ങളും കണ്ടെത്തി ആയുര്‍വേദ ചികിത്സയും അനുബന്ധ തെറാപ്പികളും നല്‍കുന്നതിനുള്ള ഒരു ചികിത്സാ പദ്ധതിയാണ് സ്പന്ദനം. ജില്ലയില്‍ തന്നെ പഞ്ചായത്തുകളിൽ ഇത്തരം പദ്ധതി നടപ്പാക്കുന്ന ആദ്യ ആയുര്‍വേദാശുപത്രിയാണ് കൊയോങ്കര ആയുര്‍വേദ ആശുപത്രി. പഞ്ചായത്തില്‍ ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഒട്ടേറെ കുട്ടികളുണ്ട്. ആശുപത്രിയില്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന നാഷണല്‍ ആയുഷ് മിഷന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വിഭാഗം ഡോക്ടറുടേയും കുട്ടികളുടെ വിഭാഗം ഡോക്ടറുടേയും സേവനം ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ എ.വി.സാജൻ നേതൃത്ത്വം നൽകും.

പഞ്ചായത്തിലെ വിവിധ സ്കൂളുകളിലും അംഗന്‍വാടികളിലും സന്ദര്‍ശിച്ച് സ്ക്രീനിംഗ് നടത്തിയാണ് അര്‍ഹതയുള്ള കുട്ടികളെ കണ്ടെത്തുന്നത്. സ്ക്രീനിംഗ് നടത്തി കണ്ടെത്തിയ കുട്ടികള്‍ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കുകയും മാനസിക ശാരീരിക വ്യതിയാനങ്ങള്‍ ഉള്ള മേഖലയില്‍ തെറാപ്പി ലഭ്യമാക്കുന്നതുമാണ് പദ്ധതി. ഇതിനാവശ്യമായ രണ്ട് സ്റ്റാഫിനെ ഇൻ്റർവ്യൂ നടത്തി സെലക്ട് ചെയ്തിട്ടുണ്ട്. ആഗസ്ത് ആദ്യവാരം പ്രവർത്തനത്തിൻ്റെ തുടക്കം കുറിക്കുമെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ആറു ലക്ഷം രൂപയാണ് പദ്ധതിയില്‍ പഞ്ചായത്ത് വകയിരുത്തിയത്. ആരോഗ്യമേഖലയിൽ നല്ല പ്രവർത്തനം കാഴ്ച്ചവെക്കുക എന്നത് ഈ ഭരണസമിതിയുടെ പ്രത്യേക താല്‍പ്പര്യമാണ്. നാടിൻ്റെയും നാട്ടുകാരുടെയും പുരോഗതി മുന്നിൽകണ്ട് ഈ പദ്ധതിയും ഏറ്റെടുത്ത് ചെയ്യുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ പറഞ്ഞു.

0Shares