വില കേട്ട് അമ്പരന്ന് ലോകം; ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിൻ്റെ ചെരുപ്പ് ലേലത്തില്‍ പോയി

You are currently viewing വില കേട്ട് അമ്പരന്ന് ലോകം; ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിൻ്റെ ചെരുപ്പ് ലേലത്തില്‍ പോയി

കാലിഫോര്‍ണിയ: ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ചെരുപ്പ് ലേലത്തില്‍ പോയത് 2,18750 ഡോളറിന് (1.7 കോടി രൂപ). എഴുപതുകളുടെ മധ്യത്തില്‍ ജോബ്സ് ഉപയോഗിച്ചിരുന്ന, ജര്‍മന്‍ ഷൂ നിര്‍മാതാക്കളായ ബിര്‍കെന്‍സ്റ്റോക്സിൻ്റെ ബ്രൗണ്‍ നിറത്തിലുള്ള ചെരുപ്പാണ് കാലിഫോര്‍ണിയ ആസ്ഥാനമായ ജൂലിയന്‍സ് ഓക്ഷന്‍സ് സംഘടിപ്പിച്ച ലേലത്തില്‍ അജ്ഞാതന്‍ സ്വന്തമാക്കിയത്. ഒരു ജോഡി ചെരുപ്പിന് ലഭിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.

കോര്‍ക്കും ചണവും ചേര്‍ന്ന് നി‍ര്‍മിച്ച ചെരുപ്പ് വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്നതിനാല്‍ സ്റ്റീവ് ജോബ്സിൻ്റെ പാദമുദ്ര പ്രകടമായിരുന്നു. ലേലം ഒരുക്കിയ കമ്പനി പ്രതീക്ഷിച്ചിരുന്നത് 60,000 -80,000 ഡോളര്‍ ആയിരുന്നെങ്കിലും അജ്ഞാതനായ ലേലക്കാരന്‍ വന്‍തുക മുടക്കി ചെരുപ്പും അതോടൊപ്പം തയാറാക്കിയ എന്‍.എഫ്.ടിയും (നോണ്‍ ഫന്‍ജിബിള്‍ ടോക്കണ്‍) സ്വന്തമാക്കുകയായിരുന്നു. നവംബര്‍ 11ന് തുടങ്ങിയ ലേലം 13നാണ് അവസാനിച്ചത്.

ലേല സ്ഥാപനത്തിൻ്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച്‌ ആപ്പിളിൻ്റെ ചരിത്രത്തിലെ പല സുപ്രധാന നിമിഷങ്ങളിലും സ്റ്റീവ് ജോബ്സ് ഈ ചെരുപ്പുകള്‍ ധരിച്ചിരുന്നു. ആപ്പിളിന് തുടക്കമിട്ട ഗാരേജില്‍ സ്റ്റീവ് ജോബ്‌സ് ഈ ചെരുപ്പുകള്‍ ധരിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേര്‍ന്ന് 1976-ലാണ് കലിഫോര്‍ണിയയിലെ ലൊസ് ആള്‍ട്ടോസില്‍ ആപ്പിള്‍ സ്ഥാപിച്ചത്. ആ കാലഘട്ടത്തിലെ ഫോട്ടോകളില്‍ ഈ ചെരുപ്പുകള്‍ കാണാം. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ചെരുപ്പ് പിന്നീട് ഹൗസ് മാനേജരായ മാര്‍ക്ക് ഷെഫിന് കൈമാറുകയായിരുന്നു. സ്റ്റീവിൻ്റെ മുന്‍ പങ്കാളി ക്രിസന്‍ ബ്രണ്ണന്‍ വോഗിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചെരുപ്പിനോടുള്ള ഇഷ്ടത്തെ കുറിച്ച്‌ പറയുന്നുണ്ട്. ജര്‍മനി, ഇറ്റലി, യു.എസ്.എ എന്നിവിടങ്ങളിലെ നിരവധി പ്രദര്‍ശനങ്ങളില്‍ ഈ ചെരുപ്പ് ഇടം നേടിയിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് 2011ലായിരുന്നു ജോബ്സിൻ്റെ മരണം.

0Shares