
വിദ്യാനഗർ (കാസർകോട്): ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് തൻബീഹുൽ ഇസ്ലാം സെൻട്രൽ സ്‌കൂളിൽ ലഹരി വിരുദ്ധ സദസ്സും റാലിയും സംഘടിപ്പിച്ചു. പുതു തലമുറ ലഹരിയിൽ അടിമപ്പെടാതിരിക്കാൻ സ്കൂൾ തലങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് സ്കൂൾ മാനേജ്‌മന്റ് അറിയിച്ചു. നിലവിൽ നിരവധി യുവതി- യുവാക്കളാണ് ലഹരിക്ക് അടിമപ്പെട്ട് ജീവിതം പരിതാപകരമായ അവസ്ഥയിൽ കഴിയുന്നത്. നിരന്തരം മാധ്യമങ്ങളിലൂടെ വാർത്ത വരുന്നത് ലഹരി കടത്തിലും ഉപയോഗത്തിലും പിടിയിലായ കൗമാരക്കാരെ കാണിച്ചുകൊണ്ടാണ്. ഇതിൽനിന്നും രക്ഷനേടാൻ ഭാവി തലമുറയെ ബോധവൽകരിക്കുകയാണ് ചെയ്യുന്നതെന്നും അധികൃതർ പറഞ്ഞു.

മാനേജ്‍മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച “ലഹരി വിരുദ്ധ സദസ്സ്” സ്‌കൂൾ പ്രിൻസിപ്പൽ ഹലീമ ബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ അനിത ഡിസൂസ, മാനേജ്‍മെൻറ് കമ്മിറ്റി അംഗങ്ങളായ കെ.എം മുഹമ്മദ് അൻവർ, എസ് റഫീഖ് എന്നിവർ സംസാരിച്ചു. തുടർന്ന് ബോധവൽകരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ ലഹരി വിരുദ്ധ “മൈം ഷോ” അരങ്ങേറി. ശേഷം സ്‌കൂൾ അങ്കണത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളേന്തിയ വിപുലമായ റാലിയും നടന്നു.

