
ടാറ്റൂ ഇഷ്ടപ്പെടുന്ന ആളുകള്‍ നിരവധി ആണ്. ശരീരം മുഴുവന്‍ ടാറ്റൂ ചെയ്യുന്നവരുടെ വാര്‍ത്തകളും കാണാറുണ്ട്. എന്നാല്‍ ഇവിടെ ഒരമ്മ ഒരു വയസ് മാത്രം പ്രായമുള്ള മകൻ്റെ ശരീരത്തില്‍ ടെമ്പററി ടാറ്റൂ ചെയ്തിരിക്കുന്ന വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്. അമ്മയ്ക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളും കാണാന്‍ സാധിക്കും.
‘അവനെ ഗാങ്സ്റ്ററോ, ഗുണ്ടയോ ആക്കാനാണോ ഉദ്ദേശ്യം’ എന്നാണ് അമ്മയോട് ആളുകള്‍ ചോദിക്കുന്നത്. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറായ ഷമേകിയ മോറിസാണ് വിമര്‍ശനം നേരിടുന്നത്. തൻ്റെ മകന്‍ ട്രെയ്‌ലിന് ആറുമാസം പ്രായമുള്ളപ്പോഴാണ് അവര്‍ ആദ്യമായി അവന് ടെമ്പററി ടാറ്റൂ ചെയ്യിപ്പിക്കുന്നത്.

NuggerWorld561 എന്ന അക്കൗണ്ടിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. കാലിലും കയ്യിലും ദേഹത്തുമെല്ലാം ടാറ്റൂ കാണാം. എന്നാല്‍, ഇതൊരു സ്ഥിരം ടാറ്റൂവൊന്നുമല്ല. പക്ഷേ, ഇതിൻ്റെ പേരില്‍ ആളുകള്‍ മോറിസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. അവളൊരു ‘മോശം അമ്മ’യാണ് എന്നാണ് മിക്കവരുടെയും അഭിപ്രായം. കുട്ടിയുടെ ആരോഗ്യ പ്രശ്നത്തെ ആണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍, ഈ വിമര്‍ശനങ്ങള്‍ അവള്‍ ഇപ്പോഴൊന്നും കേള്‍ക്കാന്‍ തുടങ്ങിയതല്ല. ട്രെയ്‌ലിനെ എട്ടുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ അവളെ ആളുകള്‍ വിമര്‍ശിച്ചിരുന്നു. അന്ന് അതിന് കാരണമായിത്തീര്‍ന്നത് അവളുടെ ഒരു മറ്റേണിറ്റി ഷൂട്ടായിരുന്നു. സഹോദരന്മാര്‍ക്കൊപ്പം ഒരു ടാറ്റൂ പാര്‍ലറില്‍ ഇരിക്കുകയായിരുന്നു മോറിസ്. അതില്‍ അവളുടെ ദേഹത്തെ ടാറ്റൂ കാണാമായിരുന്നു. അന്ന് ‘വയറ്റിലുള്ള കുഞ്ഞിന് വേദനിക്കുന്നുണ്ടാവും’, ‘ജനിക്കുമ്പോഴേ അവൻ്റെ ദേഹത്ത് ടാറ്റൂ കാണും’, ‘അവന്‍ ജനിച്ച്, വളര്‍ന്നു കഴിയുമ്പോള്‍ ഗുണ്ടാനേതാവാകും’ എന്നൊക്കെയായിരുന്നു കമന്റുകള്‍.

അതുകൊണ്ട് തന്നെ ട്രെയ്‌ലിൻ്റെ ടാറ്റൂ നിറഞ്ഞ രൂപം കണ്ടപ്പോള്‍ ആളുകള്‍ ഞെട്ടിയൊന്നുമില്ല. അപ്പോഴും ആളുകള്‍ വിമര്‍ശിക്കാന്‍ മറന്നില്ല. ‘അവന്‍ തെരുവില്‍ വെടികൊണ്ട് വീഴുന്നതാണോ കാണേണ്ടത്’, ‘ജയിലിലയക്കാനാണോ അവനെ വളര്‍ത്തുന്നത്’ തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു ആളുകള്‍ ചോദിച്ചത്. അതെല്ലാം മോറിസിനെ വേദനിപ്പിച്ചു എങ്കിലും അവള്‍ പറയുന്നത് അതൊന്നും തന്നെ തളര്‍ത്തില്ല എന്നാണ്. ‘എന്നെ വെറുക്കുന്നവരോടാണ്, ഞാനത് കാര്യമാക്കുന്നേയില്ല’ എന്നും മോറിസ് പറയുന്നു.
ആദ്യം ട്രെയ്‌ലിൻ്റെ ടാറ്റൂ ഡിസൈന്‍ നിറഞ്ഞ ഫോട്ടോ പോസ്റ്റ് ചെയ്‌ത സമയം വീട്ടുകാര്‍ പോലും അംഗീകരിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ 300,000 ഫോളോവേഴ്സുണ്ട് അവള്‍ക്ക് ടിക്ടോക്കില്‍. അവരെല്ലാം അവളെ പിന്തുണക്കുന്നു. ‘ഒരു നല്ല അമ്മയാവുക എന്നാല്‍ കുട്ടിക്ക് എല്ലാം പറയാനാവുന്ന എന്തിനും സമീപിക്കാവുന്ന ഒരാളാവുക, അവരുടെ നല്ല സുഹൃത്താവുക എന്നതാണ്’ എന്നും മോറിസ് പറയുന്നു.
