Categories
channelrb special health Kerala news

അമീബിക്ക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് കൂടുന്നു; ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു; അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലോകത്ത് റിപ്പോർട്ട് ചെയ്തിരുന്ന രോഗമാണ് കേരളത്തിൽ ദിവസവും കൂടുന്നത്; കൂടുതൽ അറിയാം..

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. 78 വയസായിരുന്നു. രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ട് പേരാണ് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം മരിച്ചത്. രോഗികളുടെ എണ്ണം കൂടുന്നത് ഭീതി പരത്തുകയാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലോകത്ത് റിപ്പോർട്ട് ചെയ്തിരുന്ന രോഗമാണ് കേരളത്തിൽ ദിവസവും രണ്ടും മൂന്നും പേർക്ക് വീതം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം 38 പേർക്കായിരുന്നു രോഗബാധയെങ്കിൽ ഈ വർഷം ഇതുവരെ മാത്രം 129 പേർക്കാണ് രോഗം ബാധിച്ചത്. പഠനം നടത്തുന്നെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും പഠനത്തിന്‍റെ കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകൾ കൈമലർത്തുകയാണ്. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഡി.എച്ച്എസും ഡി.എം.ഇയും ഐ.സി.എം.ആറും ചേർന്ന് നടത്തുന്ന കേസ് കൺട്രോൾ സ്റ്റഡി ഇപ്പോഴും പ്രാരംഭാവസ്ഥയിലാണ്. പഠനമാതൃക മാത്രമേ ആയിട്ടുള്ളൂ എന്നാണ് റിപ്പോർട്ട്.

ഫീൽഡിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടില്ല. പഠനം എന്ന് പൂർത്തിയാകുമെന്നും അറിയില്ല. രോഗികളുടെ എണ്ണം ഉയരുന്നതിൽ പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നാണ് ഏറ്റവും പ്രധാനമായും ഉയർന്ന സംശയം. ഇക്കാര്യങ്ങളും പഠിക്കുന്നുണ്ടെന്നായിരുന്നു ആരോഗ്യവകുപ്പ് പറഞ്ഞത്. സി.ഇ.ടിയിലെ എൻവയോണ്‍മെന്‍റല്‍ എഞ്ചിനീയറിംഗും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡും ആരോഗ്യവകുപ്പും ചേർന്നുള്ള പഠനമായിരുന്നു ആലോചനയിൽ. പക്ഷെ ഈ പഠനത്തെ പറ്റി നിലവില്‍ ആർക്കും വിശദമായ അറിവില്ല. പഠനം നടക്കുന്നുണ്ടോ എന്ന് പോലും അവ്യക്തമാണ്. അതേസമയം രോഗ വ്യാപനത്തെ കുറിച്ച് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്താത്ത സ്ഥിതിയിലാണെന്ന ആരോപണം ശക്തമാകുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest