എ.കെ.ജി സെൻ്റെര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു, കുടുക്കിയത് സി.സി.ടി.വിയിലെ ശാസ്ത്രീയ തെളിവുകൾ

  • Post category:Kerala / news / trending
  • Reading time:2 mins read
You are currently viewing എ.കെ.ജി സെൻ്റെര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു, കുടുക്കിയത് സി.സി.ടി.വിയിലെ ശാസ്ത്രീയ തെളിവുകൾ

തിരുവനന്തപുരം: എ.കെ.ജി സെൻ്റെര്‍ ആക്രമണക്കേസില്‍ ഒരാള്‍ ക്രൈംബ്രാഞ്ച് അറസ്‌റ്റില്‍. മണ്‍വിള സ്വദേശി ജിതിനാണ് അറസ്‌റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു. ജിതിൻ്റെ കാർ കസ്റ്റഡിയിൽ എടുത്തു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡണ്ടാണ് ജിതിന്‍. ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

നിർണായകമായത് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണം ആണ്. കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.

സംഭവത്തിൽ ജിതിനെ സഹായിച്ച ഒരാളെ കുറിച്ചും ഗൂഢാലോചനയും അന്വേഷിച്ചു വരികയാണ്.

ജിതിന്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ട്

സിസിടിവിയില്‍ പ്രതി ധരിച്ചിരുന്ന ടീ ഷര്‍ട്ടിട്ട് ജിതിന്‍ ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടിരുന്നു. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം സ്‌കൂട്ടറില്‍ ഗൗരീശ പട്ടത്തെത്തിയ ജിതിന്‍ കാറില്‍ കയറി പോയെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തല്‍. ഈ കാര്‍ ജിതിൻ്റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്നു തിരിച്ചറിഞ്ഞു. പിന്നീട് സ്‌കൂട്ടര്‍ ഓടിച്ചത് മറ്റൊരാളാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ജിതിന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത ശേഷമാണ് എത്തിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. എകെജി സെൻ്റെര്‍ ആക്രമണം നടന്ന് രണ്ട് മാസത്തിന് ശ്രഷമാണ് പ്രതിയെ പിടികൂടുന്നത്. ജൂണ്‍ 30ന് രാത്രിയാണ് എകെജി സെൻ്റെറിന് നേരെ ആക്രമണമുണ്ടായത്. പൊലീസ് പ്രത്യേക അന്വേഷ സംഘം രൂപീകരിച്ച്‌ ഒരുമാസത്തിലധികം അന്വേഷിച്ചിട്ടും കേസില്‍ യാതൊരു തുമ്പും കിട്ടിയിരുന്നില്ല.

ചുവന്ന ഡിയോ സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്ന വിവരം മാത്രമായിരുന്നു ആകെ കിട്ടിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. സൈബര്‍ സെല്ലിൻ്റെ അടക്കം സഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ക്രൈംബ്രാഞ്ച് പ്രതിയെ കണ്ടെത്തിയത്.

എ.കെ.ജി സെൻ്റെറിന് നേര്‍ക്ക് സ്‌ഫോടക വസ്തു ജിതിനാണ് എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ പ്രാഥമിക നിഗമനവും ചില ശാസ്ത്രീയ കണ്ടെത്തലുകളും. ഇയാള്‍ യൂത്ത് കോണ്‍ഗ്രസിൻ്റെ മറ്റ് നേതാക്കളുമായി ഇതുസംബന്ധിച്ച് ഗൂഢാലോചന നടത്തിയോ എന്നുള്‍പ്പെടെ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കവിടിയാര്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചാണ് ഇയാളെ ചോദ്യം ചെയ്തത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. എ.കെ.ജി സെൻ്റെറിന് നേര്‍ക്ക് സ്‌ഫോടക വസ്തു എറിഞ്ഞത് സി.പി.എം നേതാക്കളുടെ ഗൂഢാലോചന എന്നാണ് കെ.പി.സി.സി പ്രസിഡണ്ട്‌ കെ.സുധാകരൻ ഉൾപ്പെടെ ആരോപിച്ചത്.

0Shares