നടിയും മോഡലുമായ ഷഹന മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം, ഭർത്താവ്‌ കസ്റ്റഡിയിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing നടിയും മോഡലുമായ ഷഹന മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം, ഭർത്താവ്‌ കസ്റ്റഡിയിൽ

കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ കോഴിക്കോട്ട് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട്, ചെറുവത്തൂര്‍ സ്വദേശി ഷഹന(20)യെയാണ് വ്യാഴാഴ്ച രാത്രി ദുരൂഹ സാഹചര്യത്തില്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ്‌ സജാദ് പോലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്.

ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. പറമ്പില്‍ ബസാര്‍ സ്വദേശിയായ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണമായാണ് കണക്കാക്കുന്നത്. അതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ നടത്തി. ബന്ധുക്കളുടെ ആവശ്യത്തെ തുടർന്ന് വിദഗ്‌ധ പോസ്റ്റ്മോർട്ടം നടത്തി.

സജാദില്‍നിന്ന് വധഭീഷണിയുള്ള വിവരം പെണ്‍കുട്ടി മാതാപിതാക്കളെ വിളിച്ചുപറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവം കൊലപാതകമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പണത്തിനായി മകളെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ഷഹനയുടെ അമ്മയും രംഗത്തുവന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഷഹനയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം തന്നെയാണെന്നും അമ്മ പറഞ്ഞു.

സ്വയം മരിക്കേണ്ട അവസ്ഥ അവള്‍ക്ക് വന്നിട്ടില്ല. മോഡലിങ്ങും ജൂവലറി പരസ്യങ്ങളുമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഭര്‍ത്താവ് സജാദിനും ഷഹനയ്ക്കുമിടയില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് പെണ്‍കുട്ടി സഹോദരനെയും മാതാവിനെയും വിളിച്ചിരുന്നു. ഭര്‍ത്താവും കൂട്ടാളികളും തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. അതിനാല്‍ ഉടന്‍തന്നെ ബന്ധപ്പെടാനും ആവശ്യപ്പെട്ടു- എന്ന് ഒരു ബന്ധു വെളിപ്പെടുത്തി.

സജാദിൻ്റെ ഭീഷണി കാരണം ഫോണ്‍ എടുക്കാറില്ല. ബന്ധുക്കളെ വിളിക്കാന്‍ സജാദ് ഫോണ്‍ കൊടുക്കാതെ പിടിച്ചുവയ്ക്കുകയായിരുന്നു. ഒന്നരവര്‍ഷമായി പെണ്‍കുട്ടിക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നും തടവറയില്‍ ഇട്ടപോലെയായിരുന്നു ഷഹനയുടെ അവസ്ഥയെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി.

ഒന്നരവര്‍ഷം മുന്‍പാണ് സജാദും ഷഹനയും തമ്മില്‍ വിവാഹം നടന്നത്. ഇരുവരും ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്പില്‍ ബസാറില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടിയുടെ ബന്ധുക്കള്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

0Shares