
പരസ്യത്തിൽ വാഗ്ദാനം ചെയ്ത പോലെ മുടിവളർന്നില്ലെന്ന പരാതിയിൽ നടൻ അനൂപ് മേനോനെതിരെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നടപടി സ്വീകരിച്ചു. തൃശ്ശൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ആണ് ഉത്പന്നം പുറത്തിറക്കിയ ധാത്രി ഹെയർ ക്രീം കമ്പനിക്കെതിരെയും പരസ്യ അംബാസഡർ ചലച്ചിത്ര നടൻ അനൂപ് മേനോനെതിരെയും നടപടിയെടുത്തത്.
മലപ്പുറം വൈലത്തൂർ സ്വദേശി ഫ്രാൻസിസ് വടക്കൻ നൽകിയ പരാതിയിലാണ് നടൻ അനൂപ് മേനോൻ, ധാത്രി ആയുർവേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, ഡീലറായ മെഡിക്കൽ ഷോപ്പ് ഉടമ എന്നിവർക്ക് കോടതി പിഴ ശിക്ഷ വിധിച്ചത്. ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉൽപ്പന്നം വിറ്റ വൈലത്തൂരിലെ എ വൺ മെഡിക്കൽസ് ഉടമയ്ക്ക് മൂവായിരം രൂപയാണ് പിഴ വിധിച്ചത്.
ഉത്പ്പന്നത്തിന്‍റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തിൽ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. അനൂപ് മേനോനെ വിസ്തരിച്ചപ്പോൾ താൻ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നും വീട്ടിൽ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നുമായിരുന്നു മറുപടി. ആറാഴ്ച കൊണ്ട് മുടി വളരുമെന്ന വാഗ്ദാനം നൽകിയ പരസ്യം കണ്ടാണ് ഫ്രാൻസിസ് ധാത്രി കമ്പനിയുടെ എണ്ണ സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയത്. അനൂപ് മേനോനായിരുന്നു പരസ്യത്തിൽ അഭിനയിച്ചത്.
പരസ്യം കണ്ട് വിശ്വസിച്ച് സ്ഥിരമായി എണ്ണ ഉപയോഗിച്ചിരുന്നു. എന്നാൽ ഫലം ഒന്നും കണ്ടില്ല. നാട്ടുകാരടക്കം കളിയാക്കി തുടങ്ങിയതോടെയാണ് പരാതിയുമായി ഹെയർ ഓയിൽ കമ്പനിയെ തന്നെ സമീപിക്കാൻ തീരുമാനിച്ചതെന്നാണ് പരാതിക്കാരനായ ഫ്രാൻസിസ് പറഞ്ഞത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധാത്രി കമ്പനിക്ക് ആദ്യം നോട്ടീസ് അയച്ചെങ്കിലും അവരുടെ നിഷേധാത്മക നിലപാട് കൊണ്ടാണ് കേസുമായി മുന്നോട്ട് പോയതെന്നാണ് അദ്ദേഹം പറയുന്നത്.

നോട്ടീസ് കിട്ടിയ കമ്പനി അവരുടെ അഡ്വക്കേറ്റ് മുഖെന മറുപടി അയച്ചു. നിങ്ങൾക്ക് ക്ലെയിം ചെയ്യാനുള്ള അധികാരം ഇല്ല. ഞങ്ങൾക്കെതിരെ കേസ് കൊടുത്താൽ ഞങ്ങൾ നിങ്ങൾക്കെതിരെ കേസ് കൊടുക്കും. ക്ലെയിം ചെയ്യാനോ നഷ്ടപരിഹാരം അവകാശപ്പെടാനോ നിങ്ങൾക്ക് അവകാശമില്ലെന്നും പറഞ്ഞു ഇതോടെയാണ് സ്യൂട്ട് ഫയൽ ചെയ്യാൻ തീരുമാനിച്ചത്’ എന്നാണ് ഫ്രാൻസിസ് പറയുന്നത്. തുടർന്ന് തൃശ്ശൂരിലെ അഭിഭാഷകനായ എ.ഡി.ബെന്നി വഴി സ്യൂട്ട് ഫയൽ ചെയ്തു. ‘ഏത് പരസ്യം ആയാലും നമ്മളെ പറ്റിക്കൽ തന്നെയാണ്. ഇവിടെ സ്വന്തമായി അനുഭവം വന്നപ്പോൾ പ്രതികരിക്കാം എന്നു തീരുമാനിച്ചു.
ആദ്യ സിറ്റിംഗ് കഴിഞ്ഞപ്പോൾ കമ്പനി ഒത്തുതീർപ്പിലെത്താമെന്ന് പറഞ്ഞെങ്കിലും നൂറു രൂപയെങ്കിലും നഷ്ടപരിഹാരം വാങ്ങുമെന്ന് പറഞ്ഞു. കാരണം അവരുടെ അഭിഭാഷകന്‍റെ മറുപടി ഇഷ്ടമായില്ല. ആ ഒറ്റകാരണം കൊണ്ടാണ് മുന്നോട്ട് പോയത്.
