പ്രവാസിയായ അബ്ദുൽ മജീദിൻ്റെ മരണത്തിൽ ദുരൂഹത നീക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ; പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2023 നവംബർ ഒന്നിന്; കേസ് ജില്ലാ പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണം; സംഭവം കൂടുതൽ അറിയാം..

You are currently viewing പ്രവാസിയായ അബ്ദുൽ മജീദിൻ്റെ മരണത്തിൽ ദുരൂഹത നീക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ; പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2023 നവംബർ ഒന്നിന്; കേസ് ജില്ലാ പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണം; സംഭവം കൂടുതൽ അറിയാം..

കാസർകോട്: പാണളം സ്വദേശിയും പ്രവാസിയുമായ അബ്ദുൽ മജീദിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസിന് നിർദ്ദേശം. കേസ് കാസർകോട് ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. അബ്ദുൽ മജീദിൻ്റെ ഭാര്യ നസിമയും മകൻ ഹസ്സൻ ഖിളർഷയും ചേർന്ന് ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് ഉത്തരവ്. 2023 നവംബർ ഒന്നിന് രാവിലെ 11 മണിയോടെ കാസർകോട് ചന്ദ്രഗിരി പുഴയോട് ചേർന്നുള്ള റിസോർട്ടിന് സമീപം പുഴയിൽ അബ്ദുൽ മജീദിനെ മരിച്ചനിലയിൽ കണ്ടത്. കരയിൽ നിന്നും 25 അടി അകലെ പുഴയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. തലേദിവസം സുഹൃത്തായ ഹമീദ് ടൈഗർ ആണ് അബ്ദുൽ മജീദിനെ റിസോർട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം അബ്ദുൽ മജീദിൻ്റെ മൊബൈൽ ഫോൺ, പഴ്സ്, പാന്റ്‌സ്, ചെരിപ്പ്, ആധാർ കാർഡ് എന്നിവ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മജീദ് മദ്യപിച്ചതായി പറയുന്നില്ല, വയറ്റിലോ ശ്വാസകോശത്തിലോ പുഴവെള്ളം കയറിയതിൻ്റെ സൂചനകലും ഉണ്ടായിരുന്നില്ല. കഴുത്തിന് പിന്നിലായി രക്തം കട്ടപിടിച്ചിരുന്നു. അതിനാൽ തന്നെ സംഭവം കൊലപാതകമാണെന്ന് കുടുംബം ആവർത്തിക്കുന്നു. എന്നാൽ പോലീസ് കാര്യമായി അന്വേഷണം നടത്താത്തതിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. സുഹൃത്തായ ഹമീദിനൊപ്പം ഫോർട്ട് റോഡിലെ ബഷീർ, ഭാസ്കരൻ എന്നിവർക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു എന്നാണ് വിവരം. വിശദമായ അന്വേഷണത്തിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. വെള്ളത്തെ അമിതമായി ഭയപ്പെടുന്ന അക്വാഫോബിയ എന്ന അസുഖം ഉള്ളതിനാൽ മജീദ് ഒരിക്കലും ബോട്ടിൽ കയറാനോ പുഴയിൽ ഇറങ്ങാനോ സാധ്യതയില്ലെന്ന് ഭാര്യ നസിമ പറയുന്നു. വഞ്ചിയുടെ പങ്കായത്തിൻ്റെ ഒരു ഭാഗം ഒടിഞ്ഞിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. അഡ്വ. പി.ടി. ഷിജീഷ്, പ്രവാസി ലീഗൽ സർവീസ് ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേനയാണ് കുടുംബം ഹൈകോടതിയെ സമീപിച്ചത്.

0Shares