
കോഴിക്കോട്: രണ്ടുകോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ആലപ്പുഴ സ്വദേശി പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമിയാണ് പിടിയിലായത്. ബെംഗളരൂവില്‍ നിന്നാണ് അന്വേഷണ സംഘം ഇവരെ പിടികൂടിയത്. വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയിരുന്ന സംഘത്തെ പിടികൂടിയതിന് പിന്നാലെയാണ് ലഹരി സംഘത്തില്‍ ഉണ്ടായിരുന്ന ജുമിയെ പിടികൂടിയത്.
ബെംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതില്‍ കടത്തുകാരിയായി പ്രവര്‍ത്തിച്ചത് ജുമിയയാണെന്നും പൊലീസ് പറഞ്ഞു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി ഇതിലൂടെ ഉണ്ടാക്കുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിച്ച് ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ വലിയ ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിക്കുകയാണ് പതിവ്.

മേയ് 19നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് രണ്ടു കോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു.
പൊലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവരില്‍ നിലമ്പൂര്‍ സ്വദേശി ഷൈന്‍ ഷാജിയെ ബെംഗളൂരുവില്‍നിന്നും രണ്ടാംപ്രതി പെരുവണ്ണാമൂഴി സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യനെ കുമളിയില്‍നിന്നും പിടികൂടിയിരുന്നു.
ഷൈന്‍ ഷാജിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തതില്‍ ബെംഗളൂരുവില്‍ നിന്ന് ഷൈനിനോടൊപ്പം എം.ഡി.എം.എ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതില്‍ കടത്തുകാരിയായി പ്രവര്‍ത്തിച്ചത് ജുമിയാണെന്ന് മനസ്സിലായി. കേസിലെ രണ്ടുപ്രതികളെ പിടികൂടിയപ്പോള്‍ ജുമി ഒളിവില്‍പ്പോയി ബെംഗളൂരുവില്‍ താമസിക്കുകയായിരുന്നു.
