
കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് കാണാതായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പതിനാറുകാരനൊപ്പം കണ്ടെത്തി. അഞ്ചാം ക്ലാസുകാരിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് പതിനാറുകാരന്‍. നഗരത്തിലെ തീയേറ്ററില്‍ വെച്ചാണ് ഇവരെ കണ്ടെത്തിയത്. പനി ആയതുകൊണ്ട് ചൊവ്വാഴ്‌ച ക്ലാസില്‍ ഹാജരാവില്ല എന്ന് തിങ്കളാഴ്‌ച വൈകീട്ട് കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് പെണ്‍കുട്ടി ക്ലാസ് ടീച്ചര്‍ക്ക് സന്ദേശം അയച്ചിരുന്നു. ടീച്ചറുടെ മറുപടി കിട്ടിയ ഉടന്‍ തന്നെ ഫോണില്‍ നിന്ന് മെസേജ് ഡിലീറ്റും ചെയ്തു. ചൊവ്വാഴ്‌ച രാവിലെ കുട്ടി വീട്ടില്‍ നിന്ന് സ്‌കൂൾ വാനില്‍ കയറി പോയിരുന്നു. ഇറങ്ങിയ ശേഷം സ്‌കൂളിന് പുറത്ത് കാത്തുനിന്ന പതിനാറുകാരനൊപ്പം സിനിമയ്ക്ക് പോയി.
തിരുവനന്തപുരംകാരനായ ആണ്‍കുട്ടി കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടുകാര്‍ പലപ്പോഴായി കൊടുത്ത പൈസയും കൈനീട്ടം കിട്ടിയ പൈസയും ഉള്‍പ്പടെ മൂവായിരത്തോളം രൂപയും കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറി പതിനാറുകാരന്‍ കണ്ണൂരില്‍ എത്തിയത്.

മുയലിനെ വിറ്റ് പൈസ കിട്ടിയെന്നും താന്‍ കാണാന്‍ വരുമെന്നും പെണ്‍കുട്ടിയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ആണ്‍കുട്ടി സന്ദേശം അയച്ചിരുന്നു. ആദ്യമായി നേരില്‍ കാണുന്ന ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആണ് നേരിട്ട് കാണാനുള്ള പദ്ധതി പ്ലാന്‍ ചെയ്തത്.
പെണ്‍കുട്ടിയെ സ്‌കൂളിന് മുന്നില്‍ കണ്ട സഹപാഠി ക്ലാസില്‍ കാണാതായതോടെയാണ് വിവരം അധ്യാപകരെ അറിയിച്ചത്. അധ്യാപകര്‍ വാന്‍ ഡ്രൈവറോട് സംസാരിച്ചപ്പോള്‍ കുട്ടി വാനില്‍ കയറിയെന്നും സ്‌കൂളില്‍ ഇറങ്ങിയെന്നും പറഞ്ഞു. ഇതോടെ അധ്യാപകര്‍ പൊലീസിലും കുട്ടിയുടെ വീട്ടിലും വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പയ്യാമ്പലത്തെ തീയേറ്ററില്‍ ഇരുവരേയും കണ്ടെത്തിയത്. പെണ്‍കുട്ടിയെ പോലീസ് ഉടന്‍ തന്നെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ബുധനാഴ്‌ച രാവിലെ തിരുവനന്തപുരത്ത് നിന്ന് രക്ഷിതാക്കള്‍ എത്തി ആണ്‍കുട്ടിയേയും കൂട്ടി കൊണ്ടുപോയി.
