
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പുതിയകോട്ടയിലുള്ള അമ്മയും കുഞ്ഞും എന്ന് പേരുള്ള ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് തൊട്ടടുത്തുള്ള കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 50 ഓളം കുട്ടികൾക്ക് ശ്വാസതടസവും ശാരീരികാസ്വസ്ഥകളും അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സതേടി. ജില്ലാ ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലുമാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്. സംഭവം ശ്രദ്ധയിൽപെട്ട ജില്ലാ കലക്ടർ കെ.ഇമ്പ ശേഖർ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ സബ് കലക്ടർ സൂഫിയാൻ അഹമ്മദിന് നിർദ്ദേശം നൽകി.

പ്രാഥമിക ചികിത്സ നൽകുകയായിരുന്ന വിദ്യാർത്ഥികളെ സബ് കലക്ടർ സന്ദർശിച്ചു. നിലവിൽ ആർക്കും കൂടുതൽ പ്രശ്നങ്ങൾ ഇല്ല. സബ്കളക്ടർ സൂഫിയാൻ അഹമ്മദിനൊപ്പം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ.വി. രാംദാസ് ആശുപത്രിയിലെത്തി ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തി. ആശുപത്രിയിലെ ജനറേറ്റർ സ്ഥാപിച്ചതിൽ ബുദ്ധിമുട്ട് നേരിടുന്നതായി മുമ്പ് പരാതി ഉയർന്നിരുന്നു. സ്കൂളിന് സമീപത്തുനിന്നും ജനറേറ്റർ മാറ്റിസ്ഥാപിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല എന്നാണ് രക്ഷിതാക്കൾ പറയുന്നത്.
