കോഴിക്കോട്: പേരാമ്പ്രയില്‍ കണ്ടെത്തിയ നിപ്പ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അവ്യക്തതയ്ക്ക് വിരാമമാകുന്നു. നഴ്സ് ലിനി ഉള്‍പ്പെടെ 17 പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ നിപ്പാ വൈറസിന് കാരണം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം. കോഴിക്കോട് നിന്ന് ശേഖരിച്ച പഴംതീനി വവ്വാലുകളില്‍ നിന്നും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് സംഘം സ്ഥിരീകരിച്ചതായി ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
നിപ്പാ വൈറസിന്റെ ഉറവിടം ഗവേഷകര്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡയാണ് വെളിപ്പെടുത്തിയിത്. ആദ്യഘട്ട പരിശോധനയ്ക്കായി ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല, പ്രാണികളെയും ചെറുജീവികളെയും ഭക്ഷിക്കുന്നവയായിരുന്നു അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയത്. വൈറസ് ഉറവിടം സംബന്ധിച്ച അവ്യക്തത ശക്തമായതും ഇതിനാലാണ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ മേഖലയില്‍ നിന്നും പിടികൂടിയ 51 വവ്വാലുകളില്‍ പഴംതീനി വവ്വാലുകളും ഉള്‍പ്പെട്ടിരുന്നു. അവയില്‍ ചിലതില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.
അതേസമയം, പരിശോധന ഫലം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. ജയശ്രീ പ്രതികരിച്ചു. കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണ് നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധ സംബന്ധിച്ച അവ്യക്തതകള്‍ രോഗ വ്യാപനത്തിന് കാരണമാവുകയായിരുന്നു. എന്നാല്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റേയും ആരോഗ്യപ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്‍പ് നിയന്ത്രിക്കാന്‍ സാധിച്ചു. പുതിയ നിപ്പ കേസ് റിപ്പോര്‍ട്ട് ചെയ്യാത്തത് ഏറെ ആശ്വാസകരമായി. ജൂലൈ ഒന്നിന് മലപ്പുറവും കോഴിക്കോടും നിപ്പ വിമുക്ത ജില്ലകളായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
17 പേരുടെ മരണത്തിനിടയാക്കിയ കോഴിക്കോട്ടെ നിപാവൈറസിൻ്റെ ഉറവിടം കണ്ടെത്തി; കാരണം പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരണം; അതേസമയം പരിശോധന ഫലം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍