കാസര്‍കോട് ജില്ലയിലെ 5 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ; എല്ലാവിധ ആഭ്യന്തര ഓട്ടോ, ടാക്സി പൊതുഗതാഗത സംവിധാനങ്ങളും നിരോധന പരിധിയില്‍; അര്‍ദ്ധരാത്രിമുതല്‍ പ്രാബല്യത്തില്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയിലെ 5 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ; എല്ലാവിധ ആഭ്യന്തര ഓട്ടോ, ടാക്സി പൊതുഗതാഗത സംവിധാനങ്ങളും നിരോധന പരിധിയില്‍; അര്‍ദ്ധരാത്രിമുതല്‍ പ്രാബല്യത്തില്‍

കാസര്‍കോട് ജില്ലയില്‍ കൊവിഡ് -19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 5 പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സി.ആര്‍.പി.സി 144 പ്രകാരം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖാപിച്ചു. ഇന്നു രാത്രി 12 മണിമുതല്‍ അനിശ്ചിതകാലത്തേക്കാണ് ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു ഉത്തരവിട്ടത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ.

നിരോധനത്തിന്‍റെ പരിധിയില്‍ എല്ലാവിധ ആഭ്യന്തര ഓട്ടോ, ടാക്സി പൊതുഗതാഗത സംവിധാനങ്ങളും ഉള്‍പ്പെടും. പൊതു ഇടങ്ങളിലെ കൂടിച്ചേരലുകള്‍, അനാവശ്യ യാത്രകള്‍ എന്നിവ ഒഴിവാക്കണം. നിരോധനം പ്രാബല്യത്തില്‍ വരുന്ന പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈക്കുന്നേരം 5 മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. അതേപോലെ തന്നെ സാനിട്ടൈസര്‍, മാസ്ക്, ശാരീരിക അകലം എന്നിവ ജനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം എന്നും ഉത്തരവില്‍ പറയുന്നു.

ഇന്നലെ മാത്രം 106 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ വൈറസ് ബാധയുണ്ടായത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 21 പേരുടെ ഉറവിടം കണ്ടെത്താനായില്ല. സമ്പര്‍ക്കത്തിലൂടെയാണ് 76 പേര്‍ക്ക് രോഗം ബാധിച്ചത് എന്നതും രൂക്ഷത ഉയര്‍ത്തുന്നുണ്ട്.

0Shares