
സാജന്‍ പള്ളൂര്‍
കോഴിക്കോട്: 2014 ല്‍ വടകരയില്‍ വിജയം ആവര്‍ത്തിച്ച മുല്ലപ്പള്ളി ഏഴാം തവണ ലോക് സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട് അപൂര്‍വ നേട്ടത്തിലെത്തി. ലോക്‌സഭയില്‍ കോണ്‍ഗ്രസിൻ്റെ ഏറ്റവും മുതിര്‍ന്ന എം.പി മാരിലൊരാളായി തിളക്കമാര്‍ന്ന പാര്‍ലമെൻ്റെറി പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വയ്ക്കുന്നത്. ലോക്‌സഭയില്‍ ശ്രദ്ധേയ ഇടപെടലുകള്‍ നടത്തുന്ന അദ്ദേഹം കഴിഞ്ഞ നാലു വര്‍ഷത്തില്‍ 150 ല്‍ പരം സംവാദങ്ങളില്‍ പങ്കെടുക്കുകയും 574 ചോദ്യങ്ങള്‍ ഉന്നയിക്കുകയും 12 സ്വകാര്യബില്ലുകള്‍ അവതരിപ്പിക്കുകയുമുണ്ടായി.
കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ ചെയര്‍മാനെന്ന ഭാരിച്ച ഉത്തരവാദിത്വം പാര്‍ട്ടി ഏല്പിച്ചതും മുല്ലപ്പള്ളിയെ തന്നെയായിരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയുടെ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ഒരു പരാതിക്കും ഇട നല്‍കാതെ പൂര്‍ത്തിയാക്കിയ മുല്ലപ്പള്ളി ദേശീയതലത്തില്‍ ശ്രദ്ധേയനായി. 133 വര്‍ഷത്തെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഒരു മലയാളി ഈ പദവിയിലെത്തുന്നത് ആദ്യമായിട്ടായിരുന്നു. റെയില്‍വേ രംഗത്ത് സമഗ്രവികസനത്തിന് വലിയ സംഭാവന നല്‍കാനും എം.പിയെന്ന നിലയില്‍ മുല്ലപ്പള്ളിക്കായി. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ 12 റയില്‍വേ സ്റ്റേഷനുകള്‍ക്കും വികസനത്തില്‍ വന്‍ കുതിപ്പാണുണ്ടായത്. വടകര സ്റ്റേഷനില്‍ ലിഫ്റ്റും എസ്‌കലേറ്ററും സ്ഥാപിച്ചതും മുക്കാളി നാദാപുരം റോഡ് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം നവീകരണ പ്രവര്‍ത്തനങ്ങളും ഉദാഹരണങ്ങള്‍. തലശ്ശേരി സ്റ്റേഷനില്‍ എസ്‌കലേററര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ജനശതാബ്ദിയടക്കമുള്ള ട്രെയിനുകള്‍ക്ക് തലശ്ശേരിയിലും വടകരയിലും സ്റ്റോപ്പ് അനുവദിച്ചതും എടുത്തു പറയേണ്ടതാണ്. തലശ്ശേരി മൈസൂര്‍ റെയില്പാതയ്ക്കു വേണ്ടി 1984 മുതലുള്ള ആവശ്യം ദേശീയശ്രദ്ധയില്‍ കൊണ്ടു വരാനും മുല്ലപ്പള്ളിക്കായി. ലോക്‌സഭയ്ക്കകത്തും പുറത്തും ശക്തമായ ഇടപെടലുകളാണ് ഇതിനായി നടത്തിയത്. പൊതുരംഗത്ത് സജീവ ഇടപെടലുകളാണ് അദ്ദേഹത്തിൻ്റെത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻ്റെന്ന നിലയില്‍ സൈലന്റ് വാലി പ്രശ്‌നം ഇന്ദിരാഗാന്ധിക്ക് മുന്‍പില്‍ ഫലപ്രദമായി അവതരിപ്പിക്കുന്നതില്‍ മുല്ലപ്പള്ളി മുന്‍പന്തിയിലുണ്ടായിരുന്നു. പാത്രക്കടവ് പദ്ധതിയുടെ കാര്യത്തിലും ശക്തമായ നിലപാടാണ് സ്വീകരിച്ചത് . വനാന്തരങ്ങളിലൂടെ സഞ്ചരിച്ചു പാത്രക്കടവ് സന്ദര്‍ശിച്ച കോണ്‍ഗ്രസ്സ് പ്രതിനിധിസംഘത്തിൻ്റെ തലവനായിരുന്നു അദ്ദേഹം. അടുത്തിടെ വടകര പേരാമ്പ്രയിലെ ഇരുമ്പയിര് ഖനനത്തിനെതിരെ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി.
2005 ല്‍ ഉപ്പുസത്യാഗ്രഹത്തിൻ്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ടുനിന്നും പയ്യന്നൂരെക്ക് കെ.പി.സി.സി നടത്തിയ പുനരാവിഷ്‌കരണയാത്രയുടെ നായകനായതും മുല്ലപ്പളളി തന്നെയായിരുന്നു. കെ.കേളപ്പൻ്റെ നേത്ര്വത്വത്തില്‍ നടന്ന അതേ വഴിയിലൂടെ നടത്തിയ ഈ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു. ഗുജറാത്തില്‍ നടന്ന ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ എഴുപത്തിയഞ്ചാം പുനരാവിഷ്‌കരണത്തില്‍ ഒരു ദിവസത്തെ യാത്രയില്‍ എ.കെ ആന്റണിയോടൊപ്പം കേരളത്തെ പ്രതിനിധീകരിച്ചു മുല്ലപ്പള്ളിയുമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം അടുത്തു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച അപൂര്‍വ്വം നേതാക്കളിലൊരാണ് മുല്ലപ്പള്ളി. 1984 ലെയും 1989 ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കണ്ണൂരിലെത്തിയ രാജീവ് ഗാന്ധി പറഞ്ഞത് മുല്ലപ്പള്ളിയെ ഡല്‍ഹിയില്‍ എനിക്കാവശ്യമുണ്ട് എന്നായിരുന്നു. അത്രയേറെ ഇഴയടുപ്പമുള്ള ബന്ധമായിരുന്നു രാജീവ് ഗാന്ധിയുമായി അദ്ദേഹത്തിനുണ്ടായിരുന്നത്. ഇതേ ബന്ധം തന്നെയാണ് ഇന്ദിരാഗാന്ധിയുമായി ഉണ്ടായിരുന്നതും സോണിയയും രാഹുലുമായി ഇന്നുള്ളതും. 2017 ല്‍ ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചു താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള അസുലഭ അവസരവും മുല്ലപ്പള്ളിക്ക് ലഭിച്ചു.
അന്താരാഷ്ട്ര യുവജനോത്സവത്തില്‍ ഇന്ത്യന്‍ സംഘത്തില്‍ അംഗമായി ക്യൂബയും സോവിയറ്റ് യൂണിയനും സന്ദര്‍ശിക്കുകയുണ്ടായി. കേന്ദ്ര കൃഷി സഹമന്ത്രിയെന്ന നിലയില്‍ ഉഭയകക്ഷി കരാറിലൊപ്പു വയ്ക്കുന്നതിന് ഇന്തോനേഷ്യ സന്ദര്‍ശിച്ചു. ഈ വേളയില്‍ തന്നെയാണ് സിംഗപ്പൂരും സന്ദര്‍ശിച്ചത് . ആഭ്യന്തരമന്ത്രിയായിരിക്കെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വച്ച് നടന്ന അന്താരാഷ്ട്ര ദുരന്തനിവാരണ സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തലവനായതും അദ്ദേഹമായിരുന്നു. ദക്ഷിണകൊറിയയിലേക്കുള്ള ഇന്ത്യന്‍ ഉഭയകക്ഷി സംഘത്തെ നയിച്ചതും മുല്ലപ്പള്ളിയായിരുന്നു. ഇതോടൊപ്പം ഹോങ്കോങ്ങും സന്ദര്‍ശിച്ചു. ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കുമായി ആഭ്യന്തരസുരക്ഷ സംബന്ധിച്ച ഉഭയകക്ഷി കരാറില്‍ ഒപ്പു വയ്ക്കുകയുണ്ടായി. ഇന്ത്യാ ഗവണ്‍മെന്റിൻ്റെ പ്രതിനിധിയായി ദക്ഷിണാഫ്രിക്കയും സന്ദര്‍ശിച്ചു. സമകാലിക വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു എന്നും മുല്ലപ്പള്ളിയുടേത്. കണ്ണൂരിലെ അക്രമ രാഷ്ട്രിയത്തിനെതിരെ ഏററവും ശക്തമായ ഇടപെടലുകള്‍ അദ്ദേഹത്തിൻ്റെതായിരുന്നു. ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ മുല്ലപ്പള്ളിയെടുത്ത ഉറച്ച നിലപാടുകള്‍ കേരളീയ സമൂഹം അംഗീകരിച്ചതാണ്. തികഞ്ഞ മതേതരവാദിയാണ് മുല്ലപ്പളളി.
സംശുദ്ധ രാഷ്ട്രിയവും , വിനയവും , ദുര്‍ബല വിഭാഗങ്ങള്‍ക്കൊപ്പമുള്ള നിലപാടുകളുമാണ് രാഷ്ട്രീയത്തിനതീതമായ അദ്ദേഹത്തിൻ്റെ സ്വീകാര്യതയ്ക്ക് നിദാനം. അദ്ദേഹത്തിന് അടുത്തിടെ ലഭിച്ച ആര്‍.വി തോമസ് അവാര്‍ഡും, മൗലാനാ അബ്ദുള്‍ കലാം ആസാദ് അവാര്‍ഡും, സി.എച്ച് മുഹമ്മദ് കോയ ഫൌണ്ടേഷന്‍, ഇ.അഹമ്മദിൻ്റെ പേരില്‍ ഏര്‍പ്പെടുത്തിയ ആദ്യ പുരസ്‌കാരവും, കെ.കരുണാകരന്‍ ജന്മശതാബ്ദി അവാര്‍ഡും രാഷ്ടീയ സംശുദ്ധിക്കും ആദര്‍ശ ദൃഢതയ്ക്കുമുള്ള അംഗീകാരമാണ്.