ഹിന്ദു എന്ന മിഥ്യാഗോപുരം തകരുമ്പോള്‍

  • Post category:news
  • Reading time:3 mins read
You are currently viewing ഹിന്ദു എന്ന മിഥ്യാഗോപുരം തകരുമ്പോള്‍

ജെ.രഘു 

യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത അസ്തിത്വരൂപമാണ് ‘ഹിന്ദു’ എന്നത്. ഹിന്ദു എന്ന മിഥ്യയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയ്ക്ക്, അതിനാല്‍, ഇന്ത്യന്‍ ജനതയുടെ നിത്യജീവിതത്തിലെ യഥാര്‍ത്ഥപ്രശ്‌നങ്ങളെ തിരിച്ചറിയാനോ അഭിസംബോധന ചെയ്യാനോ കഴിയില്ല. മിത്തുകളെയും മിഥ്യകളെയും ആധാരമാക്കുന്ന എല്ലാ പ്രസ്ഥാനങ്ങളുടെയും സ്വാഭാവികമായ പരിണതി ഫാസിസവും ഭീകരവാദവുമാണ്. ഇന്ത്യയില്‍ ഒദ്യോഗികമായി ‘ഹിന്ദു’ എന്നു വ്യവഹരിക്കപ്പെടുന്ന സാമൂഹ്യവിഭാഗങ്ങളുടെ യഥാര്‍ത്ഥ ജീവിതാവസ്ഥ എന്താണ് ? ഇക്കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കടുത്ത ‘ദളിത്’ വിഭാഗക്കാരനായ യുവാവിനെ കൊന്നത് ആരാണ് ? സല്‍ക്കാരത്തില്‍ പങ്കെടുത്ത സവര്‍ണജാതിക്കാരോട് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ‘ധിക്കാര’ത്തിനാണ് ഈ ദളിത് യുവാവിനെ കൊന്നത്. ഈ സംഭവത്തില്‍ ഇരയായ ദളിത് യുവാവിനെയും കൊലയാളികളെയും ഔദ്യോഗിക രേഖകളിലെ മതത്തിന്‍റെ സ്ഥാനത്ത് ‘ഹിന്ദു’ക്കളായിട്ടാണ് രേഖപ്പെടുത്തുന്നത്.

ഔദ്യോഗികമായി ഹിന്ദുവായിട്ടും, ഒരു ദളിത് യുവാവിന്റെ ശാരീരിക സാന്നിധ്യത്തെ ‘ധിക്കാര’മായി കാണാനും ധിക്കാരിയെ നിഷ്‌കരുണം കൊല്ലാനും ‘ഹിന്ദുക്കള്‍’ തന്നെയായ സവര്‍ണരെ പ്രേരിപ്പിക്കുന്നത് എന്താണ്? കാരണം, ‘ഹിന്ദു’ എന്നത് ഔദ്യോഗിക രേഖകളിലും സെന്‍സസ് റിപ്പോര്‍ട്ടുകളിലും മാത്രം നില്‍ക്കുന്ന ഒരു മുദ്രയാണ്. ഔദ്യോഗിക മുദ്രകള്‍ കൊണ്ട് അടയാളപ്പെടുത്തപ്പെടുന്ന വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ സാംസ്‌കാരികവും വൈകാരികവുമായ പാരസ്പര്യമോ ഹൃദയംഗമായ ബന്ധങ്ങളോ നിലനില്‍ക്കുന്നില്ല എന്നതാണ് വസ്തുത. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍, ഈ ദളിത് യുവാവിന്‍റെ സാന്നിധ്യത്തെ മറ്റു സവര്‍ണ ഹിന്ദുക്കള്‍ ധിക്കാരമായി കാണുമായിരുന്നില്ല.

വിവാഹം, വിശ്വാസം, ആചാരം, ജനനം, മരണം തുടങ്ങിയ യഥാര്‍ത്ഥ ജീവിത സന്ദര്‍ഭങ്ങളില്‍ മാറ്റി നിര്‍ത്തേണ്ടവരും അസ്പൃശ്യരുമായ ദളിതരും പിന്നോക്ക ജാതികളും എപ്പോഴാണ് പ്രസക്തരാകുന്നത്? തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ മാത്രമാണ്, സവര്‍ണ ജാതിക്കാര്‍, ഈ ദളിതരെയും പിന്നോക്ക ജാതി ജനങ്ങളെയും ‘ഹിന്ദു’ എന്ന് അഭിസംബോധന ചെയ്യുന്നത്.ദളിതരുടെയും, ശൂദ്രരരുടേയും പിന്നോക്ക ജാതിക്കാരുടെയും വോട്ടു മാത്രമാണ് സവര്‍ണ ജാതികള്‍ നിയന്ത്രിക്കുന്ന ബി.ജെ.പിയ്ക്ക് വേണ്ടത്. ഹിന്ദു എന്ന മിഥ്യയില്‍, വാസ്തവത്തില്‍ 85 ശതമാനവും ഈ ശൂദ്ര-ദളിത്-പിന്നോക്ക ജാതികളില്‍ പെട്ടവരാണ്. ഈ ഭൂരിപക്ഷ ജനതയുടെ വോട്ടില്ലാതെ, ഇന്ത്യയിലെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ബി.ജെ.പിയ്ക്ക് ജയിക്കാനാവില്ല. സവര്‍ണ ന്യൂനപക്ഷ പാര്‍ട്ടിയായ ബി.ജെ.പി ദളിത്-പിന്നോക്ക – ശൂദ്ര ജനതയോട് കാണിക്കുന്ന ‘ഹൈന്ദവസാഹോദര്യം’ വെറും ‘തെരഞ്ഞെടുപ്പ് സാഹോദര്യം’ മാത്രമാണ്.

ദളിതര്‍ക്കും പിന്നോക്ക ജാതികള്‍ക്കും, ശൂദ്രർക്കും വോട്ടവകാശം ഇല്ലായിരുന്നുവെങ്കില്‍, കപടമായ ഈ തെരഞ്ഞെടുപ്പ് സാഹോദര്യം’ തന്നെ അപ്രത്യക്ഷമായേനെ ! അങ്ങനെയൊരു കാലമുണ്ടായിരുന്നു എന്ന കാര്യം നാം മറക്കരുത് ! അന്ന് വിവാഹസത്ക്കാര വേദികള്‍ മാത്രമല്ല, പൊതുനിരത്തുകളും പൊതു കിണറുകളും സ്‌കൂളുകളും അങ്ങാടികളും സര്‍ക്കാരോഫീസുകളും കോടതികളും അമ്പലങ്ങളും ഈ മനുഷ്യര്‍ക്ക് നിഷിദ്ധമായിരുന്നു. അറിയാതെയെങ്കിലും, അവിടെയെങ്ങാനും പ്രവേശിച്ചിരുന്ന ദളിത് ശൂദ്ര-പിന്നോക്കക്കാരുടെ ‘ധിക്കാര’ത്തിന് സവര്‍ണര്‍ കടുത്ത ശിക്ഷയും നല്‍കിയിരുന്നു. ഈ സ്ഥിതിയ്ക്ക് നേരിയ മാറ്റമുണ്ടായിട്ട് ഒരു നൂറ്റാണ്ട് പോലുമായിട്ടില്ല. ഇന്ന് ഹിന്ദുവിന്‍റെ പേരില്‍ ‘തെരഞ്ഞെടുപ്പ് സാഹോദര്യം’ വെച്ചു നീട്ടുന്നവര്‍ക്ക് ഈ മാറ്റത്തില്‍ യാതൊരു പങ്കുമുണ്ടായിരുന്നില്ല. അവര്‍ അതിനൊക്കെ എതിരായിരുന്നുതാനും. ബ്രിട്ടീഷുകാര്‍ ആവിഷ്‌കരിച്ച നിയമവ്യവസ്ഥയും ദളിത്- ശൂദ്ര-പിന്നോക്കജാതികള് നടത്തിയ അവകാശസമരങ്ങളുമാണ് ഈ മാറ്റങ്ങളുണ്ടാക്കിയത്.

‘ഹിന്ദു’വും ദളിത്-പിന്നോക്ക ജാതികളും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധം എന്താണ്? മര്‍ദ്ദകനും മര്‍ദ്ദിതനും തമ്മിലും ആധിപത്യവും വിധേയത്വവും തമ്മിലും ഉടമയും അടിമയും തമ്മിലുമുള്ള ബന്ധമായിരുന്നു അത്. ഇന്ത്യയില്‍ ആര്യന്മാരുടെ അധിനിവേശം മുതല്‍ സമീപകാലം വരെയും – സാര്‍വത്രിക വോട്ടവകാശം നിലവില്‍ വരുന്നതുവരെയും – ഈ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം വേട്ടക്കാരനും ഇരയും തമ്മിലുള്ള ബന്ധമായിരുന്നു. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും നീണ്ട ഈ വേട്ടക്കാരന്‍ – ഇര ബന്ധത്തെ, അടുത്ത കാലത്തു മാത്രമുണ്ടായ തെരഞ്ഞെടുപ്പ് സാഹോദര്യം കൊണ്ട് ഇല്ലാതാക്കാനാവില്ല. ഈ രണ്ടു വിഭാഗങ്ങളുടെയും സാമൂഹ്യമായ അബോധമനസ്സുകളില്‍ തിളച്ചു മറിയുന്നത് വേട്ടക്കാരന്‍റെ മനോഭാവവും വേട്ടക്കാരനില്‍ നിന്ന് രക്ഷപ്പെടാനുള്ള ഇരയുടെ പ്രതിമനോഭാവവുമാണ്.

ബി.ജെ.പി നേതാവായ സാക്ഷി മഹാരാജ് തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രസ്താവന ആരും മറന്നിട്ടില്ല. മോഡി ജയിച്ചാല്‍, ഇത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും ! തെരഞ്ഞെടുപ്പ് ഇല്ലാത്ത ഒരു കാലത്തെയാണ് ബി.ജെ.പി സ്വപ്നം കാണുന്നത് ! അങ്ങനെ വന്നാല്‍, ദളിതരോടും, ശൂദ്രരോടും പിന്നോക്കക്കാരോടും അടുത്തകാലത്ത് ഉണ്ടാക്കാന്‍ സവര്‍ണ ഹിന്ദുക്കള്‍ നിര്‍ബന്ധിതമായ ‘ഹൈന്ദവ സാഹോദര്യം’ അവസാനിപ്പിക്കാനും തനി വേട്ടക്കാരായി മാറാനുമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. വേട്ടക്കാരായി മാറുന്ന ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തെ ഭയപ്പെടുത്താന്‍ കഴിയുന്നത് ‘ഭീകരവാദ’ത്തിലൂടെ മാത്രമായിരിക്കും. അന്ന് ഹിന്ദു എന്ന മിഥ്യാഗോപുരം തകരുകയും ഇന്ത്യ, സവര്‍ണ ന്യൂനപക്ഷ ഇന്ത്യയായും അവര്‍ണ ഭൂരിപക്ഷ ഇന്ത്യയായും പിളരുകയും ചെയ്യും.

0Shares