സ്വിസ് ബാങ്കില്‍ അക്കൌണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പരസ്യമാക്കുന്നു; 11പേരുടെ വിവരങ്ങൾ പുറത്ത്; പട്ടികയിലുള്ളത് വമ്പന്മാർ

  • Post category:news
  • Reading time:2 mins read
You are currently viewing സ്വിസ് ബാങ്കില്‍ അക്കൌണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പരസ്യമാക്കുന്നു; 11പേരുടെ വിവരങ്ങൾ പുറത്ത്; പട്ടികയിലുള്ളത് വമ്പന്മാർ

സ്വിസ് ബാങ്കിൽ പണം സൂക്ഷിച്ച ഇന്ത്യക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്താനൊരുങ്ങി അധികൃതർ. ഇതിന്‍റെ ഭാ​ഗമായി രണ്ട് പേരുടെ വിവരങ്ങളും ചിലരുടെ പേരിന്‍റെ സൂചനയും ബാങ്ക് പുറത്ത് വിട്ടു. സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുളള ഇന്ത്യക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്ന് നിരവധി തവണ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഈ പട്ടികയിൽ ഇന്ത്യയിലെ പല വമ്പന്മാരും ഉണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

ഇപ്പോള്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുളള ഇന്ത്യാക്കാരുടെ വിവരം പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച നടപടികള്‍ അവിടുത്തെ ധനകാര്യ സംവിധാനം വേഗത്തിലാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഏകദേശം 25 ഇന്ത്യക്കാര്‍ക്ക് സ്വിസ് ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ നോട്ടീസ് പുറപ്പെടുവിച്ചു. സ്വിസ് ബാങ്കുകളിലെ വിദേശ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ് ഫെഡറല്‍ ടാക്സ് അഡ്മിസ്ട്രേഷന്‍.

ഇക്കഴിഞ്ഞ മെയ് 21 ന് 11 പേര്‍ക്ക് നോട്ടീസ് ഇഷ്യു ചെയ്തിരുന്നു. വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച് എതിര്‍പ്പുകള്‍ ഉളളവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനുളള അവസാന അവസരമാണിതെന്നാണ് സ്വിസ് അതികൃതര്‍ പറയുന്നത്. നോട്ടീസ് അയച്ചിട്ടുളള 11 പേരെ സംബന്ധിച്ച് പൂര്‍ണ വിവരങ്ങളില്ല. മിക്കവരുടെയും പേരുകള്‍ ഷോര്‍ട്ട് ഫോമിലാണ് നല്‍കിയിരിക്കുന്നത്. രണ്ട് വ്യക്തികളുടെ മാത്രമാണ് പൂര്‍ണ പേര് വ്യക്തമായിട്ടുളളത്. കൃഷ്ണ ഭഗവാന്‍ രാമചന്ദ് (ജനനം മെയ് 1949) കല്‍പേഷ് ഹര്‍ഷാദ് കിനാരിവാല (ജനനം സെപ്റ്റംബര്‍ 1972) എന്നിവരുടെ പേരുകളാണ് ഇത് സംബന്ധിച്ച് ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷനിലുളളത്. 11 പേരുടെയും ജനന മാസവും വര്‍ഷവും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റ് ഒന്‍പത് പേരുടെ വിവരങ്ങള്‍ ഇങ്ങനെയാണ്. മിസ്റ്റര്‍ എ.എസ്ബി.കെ (നവംബര്‍ 24, 1944), മിസ്റ്റര്‍ എ.ബി.കെ.ഐ (ജൂലൈ ഒന്‍പത്, 1944), മിസ്റ്റര്‍ പി.എ.എസ് (നവംബര്‍ 2, 1983), മിസ്റ്റര്‍ ആര്‍.എ.എസ് (നവംബര്‍ 22, 1973), മിസ്റ്റര്‍ എ.പി.എസ് (നവംബര്‍ 27, 1944), മിസ്റ്റര്‍ എ.ഡി.എസ് (ആഗസ്റ്റ് 14, 1949), മിസ്റ്റര്‍ എം.എല്‍.എ (മെയ് 20, 1935), മിസ്റ്റര്‍ എന്‍.എം.എ (ഫെബ്രുവരി 21, 1968), മിസ്റ്റര്‍ എം.എം.എ (ജൂണ്‍ 27, 1973).

0Shares