
കോഴിക്കോട്: അതിവേഗം, പെര്‍മിറ്റ് ലംഘിച്ചുള്ള യാത്രകള്‍, വ്യാജ സമയപ്പട്ടിക എന്നിവ തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ സ്വകാര്യബസുകളുടെ പെര്‍മിറ്റ് വിവരങ്ങളും സമയക്രമവും ഓണ്‍ലൈനിലേക്ക് മാറ്റുന്നു. ഒരുമാസത്തിനുള്ളില്‍ വിവരങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റും. ഒക്ടോബര്‍ മുതല്‍ ഡിജിറ്റില്‍ ടൈം ഷീറ്റുകള്‍ പ്രാബല്യത്തിലാകും. പതിനാറായിരം സ്വകാര്യ ബസുകളാണ് ഇപ്പോൾ സംസ്ഥാനത്തു സർവീസ് നടത്തുന്നത്. ദേശസാൽകൃത പാതയായ വയനാട്- കോഴിക്കോട് റൂട്ടിൽ അനധികൃതമായി സർവീസ് നടത്തിയ പതിനെട്ട് സ്വകാര്യബസുകളുടെ പെർമിറ്റ് ആർ. ടി. ഓ കഴിഞ്ഞ ഏപ്രിലിൽ റദ്ദ് ചെയ്തിരുന്നു.

ദേശസാത്കൃത റൂട്ടുകളിൽ അനധികൃത സർവിസ് നടത്തിയെന്ന കെ. എസ്. ആർ. ടി. സിയുടെ പരാതിയെത്തുടർന്ന് അഞ്ച് സ്വകാര്യ ബസുകളുടെ പെർമിറ്റ് കഴിഞ്ഞ മാസം കോഴിക്കോട് ആർ. ടി. ഓ താൽക്കാലികമായി തടഞ്ഞിരുന്നു. ഇത്തരത്തിലുള്ള ക്രമക്കേടുകൾ ഓൺലൈൻ ക്രമത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകില്ല. പെര്‍മിറ്റ് ലംഘനവും ഓണ്‍ലൈനില്‍ കണ്ടെത്താം. യാത്രാക്ലേശമുള്ള പ്രദേശങ്ങള്‍ പെട്ടെന്ന് കണ്ടെത്താനും യാത്രക്കാരുടെ ആവശ്യമനുസരിച്ച് ബസ് റൂട്ടുകള്‍ പുനഃക്രമീകരിക്കാനുമാവും. ജി. പി. എസ്. ബന്ധം വിച്ഛേദിച്ചാല്‍ അപ്പോള്‍തന്നെ വിവരം ആര്‍. ടി. ഓഫീസില്‍ ലഭിക്കും.
