സ്ത്രീപ്രവേശന വിഷയത്തില്‍ വഞ്ചിക്കപ്പെട്ടു: സംഘപരിവാര്‍ നേതൃത്വത്തിന്‍റെ ശബരിമല മുതലെടുപ്പിനെതിരെ അണികള്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീപ്രവേശന വിഷയത്തില്‍ വഞ്ചിക്കപ്പെട്ടു: സംഘപരിവാര്‍ നേതൃത്വത്തിന്‍റെ ശബരിമല മുതലെടുപ്പിനെതിരെ അണികള്‍

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സംഘപരിവാര്‍ അണികളും നേതാക്കളും ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ തമ്മിലടി. ആര്‍.എസ്.എസ് ഹിന്ദു ഐക്യ വേദി, റെഡി ടു വെയ്റ്റ് ക്യാംപയിന്‍ അംഗങ്ങള്‍ തുടങ്ങി ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമരത്തിനിറങ്ങവരാണ് പരസ്പ്പരം പഴിചാരിയും ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തും പരസ്യമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാറിനെതിരായി കേരളത്തില്‍ നടന്ന പ്രക്ഷോഭം പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണെന്ന്‍ റെഡി റ്റു വെയ്റ്റ് ക്യാംപയിന്‍ നേതാവ് പദ്മ പിള്ളയുടെ കമന്റ് നേരത്തെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് സ്ത്രീപ്രവേശനമടക്കമുള്ള ഏത് ആചാരാമാറ്റവും നടത്താമെന്ന് തന്നെയാണ് സംഘത്തിന്‍റെ അഭിപ്രായമെന്ന ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിന്‍റെ പ്രതികരണവും മറ്റ് ആര്‍.എസ്.എസ് നേതാക്കളുടെയും അണികളുടെ പ്രതികരണങ്ങള്‍ എല്ലാം കൊണ്ടും ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തമ്മിലടിക്കുകയാണിപ്പോള്‍.

ആര്‍.എസ്.എസ് മുന്‍ അഖേലന്ത്യാ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയും ബാബുവിന്‍റെ അതേ അഭിപ്രായമാണ് മുന്നോട്ട് വെക്കുന്നത്. ഇതിനെ എതിര്‍ത്തുകൊണ്ട് റെഡി റ്റു വെയ്‌ററ് ക്യാംപെയിനിന്‍റെ നേതാക്കളിലൊരാളായ ശങ്കു ടി. ദാസും മറ്റുചിലരും രംഗത്തുവരുകയായിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന് വളരെനേരത്തെ നിലപാടെടുത്തയാളാണ് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ആര്‍.ഹരി. കോടതിവിധിക്കുമുമ്പും അതിനുശേഷവും അദ്ദേഹം ആചാര മാറ്റത്തിനുവേണ്ടി ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് യുവതീപ്രവേശം ഉള്‍പ്പടെ ഏത് ആചാരമാറ്റവും ആകാമെന്നുതന്നെയാണ് സംഘത്തിന്‍റെ അഭിപ്രായമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു ഫേസ്ബുക്കില്‍ കുറിച്ചത് ആചാര്യന്മാരും തന്ത്രിമാരും ബന്ധപ്പെട്ടവരും ചേര്‍ന്ന് തീരുമാനിക്കണമെന്നാണ് അന്നും ഇന്നും സംഘം പറയുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഹിന്ദു വിരുദ്ധ ശക്തികള്‍ക്ക് ഉന്നയിക്കാന്‍ വാദങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ ആചാര പരിഷ്‌കരണവാദിയെന്നാണ് ആര്‍. ഹരിയെ ശങ്കു ടി. ദാസ് വിശേഷിപ്പിക്കുന്നത്.

0Shares