കാസര്‍കോട്: പഞ്ചായത്തംഗം എച്ച്.നിര്‍മല കുമാരി സി.പി.ഐ നിലപാടില്‍ പരസ്യമായി പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് സി.പി.എമ്മിനോടൊപ്പം ചേര്‍ന്നത് ബേഡകത്ത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയായി. നിര്‍മ്മലയുടെ പെട്ടെന്നുള്ള തീരുമാനം സി.പി.ഐക്ക് കനത്ത തിരിച്ചടിയായി. ഇതോടെ കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ഒരംഗബലം കൂടി സി.പി.എമ്മിന് ലഭിച്ചു. സി.പി.ഐയില്‍ നിന്നും രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്ന നിര്‍മ്മല കുമാരിക്ക് നല്‍കിയ സ്വീകരണ പൊതുയോഗം ശക്തി തെളിയിക്കുന്നാതായി.
അവിശ്വാസ പ്രമേയത്തിന്റെയും വൈസ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പില്‍ കുറ്റിക്കോലില്‍ സി.പി.ഐ ‘ആണും പെണ്ണും’ കെട്ട നിലപാടാണ് സ്വീകരിച്ചതെന്ന് പൊതുയോഗത്തില്‍ നേതാക്കള്‍ ആഞ്ഞടിച്ചു. സി.പി.എമ്മിലെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച് അതില്‍ നിന്നും വിട്ടുപോയ ഒരു നേതാവ് കാണിക്കുന്ന കരിങ്കാലിപ്പണിക്ക് കുറ്റിക്കോലില്‍ പ്രവര്‍ത്തകര്‍ ബലിയാടാകുകയാണെന്നും അതിനൊരുദാഹരണമാണ് നിര്‍മല കുമാരിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചില നേതാക്കളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി തന്നെ രണ്ടുതവണയും ബലിയാടാക്കുകയായിരുന്നുവെന്നും ഇനിയും ഇത് തുടരാന്‍ കഴിയില്ലെന്നറിയിച്ച് സി.പി.എമ്മുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് നിര്‍മലയുടെ പാര്‍ട്ടി മാറ്റം. താന്‍ സി.പി.എമ്മില്‍ ചേരുന്നത് ആരുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായല്ലെന്നും സ്വമേധയാ ആണെന്നും, തന്നോടൊപ്പം കുടുംബവും ജീവിതാവസാനംവരെ പ്രവര്‍ത്തിക്കാനുണ്ടാകുമെന്നും കഴിഞ്ഞ ദിവസം നടന്ന സ്വീകരണ പൊതുയോഗത്തില്‍ നിര്‍മല പറഞ്ഞു.
സി.പി.എം സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യേണ്ടതില്ലെന്ന് ഒരു നേതാവ് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രണ്ടു തവണയും പഞ്ചായത്തില്‍ ഇടതുമുന്നണി മര്യാദ പാലിക്കാതെ മാറിനിന്നതെന്ന വെളിപ്പെടുത്തല്‍ സി.പി.എം നേതാക്കള്‍ക്ക് തുറന്നടിക്കാന്‍ അവസരമൊരുക്കി. കെ.വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മല കുമാരിയെയും കുടുംബങ്ങളെയും അദ്ദേഹം ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ഗ്രാമ പഞ്ചായത്തംഗം പി.ഗോപിനാഥന്‍ അധ്യക്ഷനായി. എം.അനന്തന്‍, ബേഡഡുക്ക പഞ്ചായത്തു പ്രസിഡണ്ട് സി.രാമചന്ദ്രന്‍, ടി.ബാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.