തിരുവനന്തപുരം: തിരുവനന്തപുരത്തെ ചെങ്കല്‍ചൂള കോളനിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് വധഭീഷണി. കൊച്ചിയില്‍ നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഞെട്ടലില്‍ നിന്ന് സിനിമ ലോകം ഉണര്‍ന്നിട്ടില്ല. അത് തീരും മുമ്പാണ് തിരുവനന്തപുരത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്ത് വരുന്നത്. ചെങ്കല്‍ ചൂളയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് നടിയെ ഒരു സംഘം തടഞ്ഞുവച്ചു എന്നും വധഭീഷണി മുഴക്കി എന്നും പറയുന്നത്. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആണ് ചെങ്കല്‍ ചൂളയില്‍ ഇപ്പോള്‍ നടക്കുന്നത്. ആ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി ഇത് സംബന്ധിച്ച സന്ദേശങ്ങള്‍ വന്നത്. ചെങ്കല്‍ ചൂളയില്‍ തന്നെയുള്ള ഒരു യുവാവിന്റെ ഫോണ്‍ നമ്പറും ഇതോടൊപ്പം ഉണ്ടായിരുന്നു. ചെങ്കല്‍ചൂളയില്‍ ഷൂട്ടിങ് നടക്കുന്നത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറെ അറിയിച്ചിരുന്നെങ്കിലും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ലോക്കല്‍ പോലീസിനോട് കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല.

ഷൂട്ടിങ് സ്ഥലത്ത് പ്രശ്നം തുടങ്ങിയപ്പോള്‍ ലോക്കല്‍ എസ്.ഐ ബന്ധപ്പെട്ടെങ്കിലും മതിയായ സുരക്ഷ നല്‍കിയതുമില്ല. പകരം രണ്ട് ദിവസത്തിനകം പ്രശ്നമുണ്ടാകുമെന്ന് അണിയറക്കാരോട് തമാശ രൂപത്തില്‍ ലോക്കല്‍ പോലീസിലെ ചിലര്‍ തന്നെ പറയുകയും ചെയ്തു. അപ്പോഴേക്കും ഷൂട്ടിങ് സ്ഥലത്ത് ചെറിയ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. കോളനിയിലെ ചിലര്‍ ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. കഴിഞ്ഞദിവസം ഇത് സംഘര്‍ഷത്തിലേക്കും കാര്യങ്ങളെത്തിച്ചു. സെറ്റിലെ ചിലര്‍ ഇടപെട്ടാണ് അന്ന് ഷൂട്ടിങ് മുടങ്ങാതെ നോക്കിയത്. ഇതിന് പ്രതികാരം തീര്‍ക്കാനെത്തിയ സംഘമാണ് ഷൂട്ടിങ് അലങ്കോലപ്പെടുത്തിയത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജുവിനെ തടഞ്ഞു വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെങ്കിലും നടിയെ കൈകാര്യം ചെയ്യാന്‍ ആരും മുതിര്‍ന്നില്ല. ചെങ്കല്‍ ചൂളയിലെ പ്രാദേശിക പ്രശ്നങ്ങളെ ചില ഫാന്‍സ് നേതാക്കള്‍ ഏറ്റെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും സൂചനയുണ്ട്. പ്രശ്‌നം വഷളായപ്പോള്‍ ചെങ്കല്‍ചൂളയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാമെന്ന് പോലീസ് അറിയിക്കുകയും ചെയ്തു. സിനിമയുടെ ചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടി കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിച്ചതാണെന്ന സൂചനകളും ലഭിക്കുന്നുണ്ട്. സിനിമ ചിത്രീകരണത്തിനിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ആദ്യത്തെ സംഭവം ഒന്നും അല്ല. ഏറെ പണച്ചെലവുള്ള കാര്യം ആയതിനാല്‍ നഷ്ടം ഒഴിവാക്കാന്‍ വേണ്ടി മിക്കവരും ഒത്തുതീര്‍പ്പുകള്‍ക്ക് തന്നെയാണ് ശ്രമിക്കാറുള്ളത് എന്നാണ് സത്യം. ഇത്തരം ഒത്തുതീര്‍പ്പുകളാണ് സിനിമ ലോകത്തെ മാഫിയ വത്കരണത്തിന് വഴിവച്ചത് എന്നും ആക്ഷേപം ഉണ്ട്. കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘങ്ങളാണ് സിനിമ മേഖലയെ നിയന്ത്രിക്കുന്നത് എന്ന ആക്ഷേപം ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഇപ്പോള്‍ ഏറെയായി.