തിരുവനന്തപുരം: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പിറവം സ്വദേശിനിയായ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുമായി ബന്ധപ്പെട്ട് അനൂപ് ജേക്കബ് എംഎല്‍എ യുടെ അടിയന്തര പ്രമേയ നോട്ടീസിന് നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും പിടികൂടും. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പോലീസ് സ്വീകരിക്കാതിരുന്നത് ക്രൈം ബ്രാഞ്ച് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടന്നു വരികയായിരുന്നു. അതേസമയം, കോളേജ് വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടിയോടു പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്തിരുന്ന യുവാവിനെയാണ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത്. മിഷേല്‍ കലൂര്‍ പള്ളിയില്‍ പോകുന്നതിന്റെയും അവിടെ രണ്ടുപേര്‍ പെണ്‍കുട്ടിയെ നിരീക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്ന് ലഭിച്ചിരുന്നു. മിഷേലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടു ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു.