സാംസ്കാരിക ചരിത്രത്തിന് നേരെയുള്ള കാഴ്ച്ച; ‘ബിലാത്തിക്കുഴൽ’ അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing സാംസ്കാരിക ചരിത്രത്തിന് നേരെയുള്ള കാഴ്ച്ച; ‘ബിലാത്തിക്കുഴൽ’ അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക്

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: സാംസ്കാരിക ചരിത്രത്തിന് നേരെയുള്ള കാഴ്ച്ചകൾ അഭ്രപാളികളിലൊരുക്കിയ ‘ബിലാത്തിക്കുഴൽ’ അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുത്തു. കാസർകോട്, കോളിച്ചാൽ സ്വദേശിയായ നവാഗത സംവിധായകൻ വിനു എ.കെ രചനയും സംവിധാനവും നിർവഹിച്ച ബിലാത്തിക്കുഴൽ എന്ന മലയാള സിനിമയാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 23 മത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുത്തത്. അടങ്ങാത്ത ലക്ഷ്യബോധവും ആത്മവിശ്വാസവും സ്വയം എന്താകണമെന്നുള്ള ദൃഡനിശ്ചയവും അതിന്‌ വേണ്ടിയുള്ള തയ്യാറെടുപ്പും കാത്തിരിപ്പും കോളിച്ചാലിലെ വിനുവിനെ സിനിമാക്കാരനാക്കി. ജീവിതത്തിൽ എല്ലാ പ്രതിസന്ധികളും സമ്മർദ്ദങ്ങളും അതിജീവിച്ചു മുന്നോട്ട് പോകുന്നതിനിടെയാണ് സ്വന്തമായൊരു സിനിമയെന്ന സ്വപ്നം വിനു സാക്ഷാൽക്കരിക്കുന്നത്‌. 2018 ഡിസംബർ ഏഴ് മുതൽ പതിമൂന്നുവരെയാണ് ചലചിത്രോത്സവം. മേളയുടെ മത്സരവിഭാഗത്തിലേക്ക് സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ ചിത്രങ്ങൾ തിരഞ്ഞെടുത്തു. സംവിധായകൻ സിബി മലയിൽ ചെയർമാനും ജോർജ് കിത്തു, ഫാറൂക്ക് അബ്ദുൽ റഹ്‌മാൻ, ഡോ.ടി.അനിത കുമാരി, ഡോ.വി മോഹനകൃഷ്ണൻ, എന്നിവർ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഐ.എഫ്.എഫ്.കെ യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ ഒന്നുമുതൽ ആരംഭിക്കും.ബിലാത്തിക്കുഴൽ (വിനു എ.കെ), ഓത്ത് (പി.കെ ബിജുക്കുട്ടൻ), പറവ (സൗബിൻ സാഹിർ), ഭയാനകം (ജയരാജ്) , ഉടലാഴം (ഉണ്ണികൃഷ്ണൻ ആവള), മായാനദി (ആഷിഖ് അബു), പ്രതിഭാസം (വിപിൻ വിജയ്), ഈട (ബി.അജിത്കുമാർ), കോട്ടയം (ബിനു ഭാസ്കർ), ഹ്യൂമൻസ് ഓഫ് സംവൺസ് (സുരേഷ് ലാൽ), സ്ലീപ് ലസ്‌ലി യുവേർസ് (ഗൗതം സൂര്യ), ആവേ മറിയ (വിപിൻ രാധാകൃഷ്ണൻ) എന്നിവയാണ് ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത്.

0Shares