സമര രീതികളുടെ മുഖം മാറുന്നു; ‘കരച്ചില്‍ സമരത്തിന്’ പിന്നാലെ ഇതാ ‘പിച്ചയെടുക്കല്‍ സമരവും’…!

  • Post category:news
  • Reading time:2 mins read
You are currently viewing സമര രീതികളുടെ മുഖം മാറുന്നു; ‘കരച്ചില്‍ സമരത്തിന്’ പിന്നാലെ ഇതാ ‘പിച്ചയെടുക്കല്‍ സമരവും’…!

 കാസര്‍കോട്: കാലവും തലമുറകളും മാറി വരുമ്പോള്‍ പരമ്പരാഗത സമര രീതികള്‍ക്കും മാറ്റം സംഭവിക്കുന്നു!കണ്ടും കേട്ടും മടുത്ത സമരങ്ങളും മുദ്രാവാക്യങ്ങളും മാറ്റി പണിയാനാണ് മാറിയ കാലത്ത് പുതു തലമുറ ആഗ്രഹിക്കുന്നത്. ജനങ്ങളുടെയും അധികൃതരുടെയും ശ്രദ്ധയും പരിഗണനയും പിടിച്ചു പറ്റാനാണ് വേറിട്ട സമര രീതികളുമായി പുതിയ കാലത്തെ സമരക്കാര്‍ ശ്രമിക്കുന്നത്. ഈ രംഗത്ത് സംസ്ഥാനത്തെ വടക്കേ അറ്റത്തെ ജില്ലക്കാര്‍ ഈയിടെ തലസ്ഥാന നഗരിയില്‍ പരീക്ഷണാര്‍ഥം കാഴ്ച വെച്ച വേറിട്ട സമരപാത സംസ്ഥാന തലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ജില്ലയോടുള്ള അവഗണനയ്‌ക്കെതിരെ സാമ്പ്രദായിക സമര രീതിയില്‍ സമരം ചെയ്തിട്ട് കാര്യമില്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അനന്തപുരിയിലെ ഭരണ കവാടത്തിന് മുന്നില്‍ കാസര്‍കോട് ബദിയടുക്കയിലെ സമര ഭടന്മാര്‍ ‘കരച്ചില്‍ സമരം’ നടത്തിയത്. അത് ഉത്തരവാദപ്പെട്ട അധികൃതരുടെയും പൊതു സമൂഹത്തിന്റെയും നവമാധ്യമങ്ങള്‍ അടക്കമുള്ള എല്ലാമാധ്യമങ്ങളുടെയും സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഭരണ കര്‍ത്താക്കള്‍ക്ക് ഇടയില്‍ പോലും ഈ കരച്ചില്‍ സമരം ചര്‍ച്ചാ വിഷയമായിരുന്നു. ഈ സമരത്തിന്റെ ചുവടുപിടിച്ചാണ് കാസര്‍കോട്ടെ ഒരു കൂട്ടം യുവാക്കള്‍ ജില്ലാ ആസ്ഥാനത്ത് കഴിഞ്ഞദിവസം കൗതുകം പകര്‍ന്ന മറ്റൊരു സമര രീതി ആവിഷ്‌കരിച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന് ആവശ്യമായ തുക സംസ്ഥാന ബജറ്റില്‍ നീക്കി വെക്കാത്തതിലുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിനോടുള്ള കടുത്ത നീരസവും പ്രതിഷേധവും സാക്ഷ്യപ്പെടുത്താനുമാണ് ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്‌സ് ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നഗരവീഥിയിലൂടെ ‘പിച്ചയെടുക്കല്‍ സമരം’ നടത്തിയത്. ഭിക്ഷാംദേഹികളുടെ വേഷമണിഞ്ഞ യുവാക്കള്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കിന് വേണ്ടി പിച്ചയെടുത്ത് പണം സ്വരൂപിക്കാനാണ് നഗരത്തിലൂടെ നടന്നുനീങ്ങിയത്. പിച്ചയെടുത്ത് കിട്ടിയ തുക ധനമന്ത്രിക്ക് അയച്ച് കൊടുക്കാനാണ് സമരക്കാരുടെ തീരുമാനം. കക്ഷി രാഷ്ട്രീയ വ്യത്യാസം മറന്ന് ജില്ലയിലെ ജനങ്ങള്‍ ഒന്നിക്കുകയും കാലാനുസൃതമായ വസ്തുതകളും യാഥാര്‍ഥ്യങ്ങളും ഉള്‍ക്കൊണ്ട് പുത്തന്‍ സമര രീതികളിലൂടെ ഭരണകൂടത്തിന്റെ അവഗണനയ്ക്കും നിഷേധാത്മക സമീപനത്തിനും എതിരെ ശബ്ദമുയര്‍ത്തണമെന്ന് പിച്ചയെടുക്കല്‍ സമര സാരഥികള്‍ ആഹ്വാനം ചെയ്യുന്നു. വരുംദിനങ്ങളില്‍ ഇത്തരത്തിലുള്ള വേറിട്ട സമര മുഖങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുമെന്ന് പുതുതലമുറയില്‍പെട്ട പ്രതികരണ ശേഷിയുള്ള യുവാക്കള്‍ പറയുന്നു.
0Shares