കോഴിക്കോട്: സുഹൃത്തായ പെണ്‍കുട്ടിയെ ബസ് കയറ്റിവിടാനെത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ അതിക്രമം. കോഴിക്കോട് തിക്കോടിയിലാണ് സംഭവം. സുഹൃത്തായ പെണ്‍കുട്ടിയെ ബസ് കയറ്റിവിടാനെത്തിയ മുഹമ്മദ് ജദീര്‍ എന്ന യുവാവിനെയാണ് സദാചാര പോലീസുകാര്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് ജദീറും പെണ്‍കുട്ടിയും തിക്കോടി ഇരുപതാം മൈല്‍ ബസ് സ്റ്റോപ്പിലെത്തിയത്. പെണ്‍കുട്ടിയെ ബസ് കയറ്റി വിട്ട ഉടനെയായിരുന്നു സദാചാര പോലീസുകാരുടെ അക്രമം. ഓണ്‍ലൈന്‍ മാധ്യമത്തില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനായ ജദീറിനെ മൂന്നംഗ സംഘം തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

സുഹൃത്തായ പെണ്‍കുട്ടിയെ ബസ് കയറ്റിവിടാനെത്തിയ മുഹമ്മദ് ജദീറിനെ തടഞ്ഞുവെച്ച മൂന്നംഗ സംഘം, ഭീഷണിപ്പെടുത്തുകയും മതപരമായി അധിക്ഷേപിക്കുകയും ചെയ്‌തെന്നും ആരോപണമുണ്ട്. ‘ലൗ ജിഹാദ് നടക്കുന്ന കാലമാണ് നിന്നെപ്പോലുള്ളവരെ നിരീക്ഷിക്കാനും, നേര്‍വഴി കാണിക്കാനുമാണ് ഞങ്ങളൊക്കെ ഇവിടെയുള്ളത് അതുകൊണ്ടാണ് ഒരു ഹിന്ദു കുട്ടിയുടെ കൂടെ കണ്ടപ്പൊ ചോദിക്കുന്നത്’, എന്നായിരുന്നു സദാചാര പോലീസുകാര്‍ ജദീറിനോട് പറഞ്ഞത്. താന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പോലീസിനെ വിളിച്ചോ എന്ന് ജദീര്‍ പറഞ്ഞപ്പോള്‍ മൂന്നംഗ സംഘം യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസിനെ നീ വിളിച്ചോ, പക്ഷേ അവര്‍ ഇവിടെ എത്താന്‍ സമയമെടുക്കും നീ മനസിലാക്കിക്കോ എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. ഇവര്‍ ജദീറിന്റെ ഇരുചക്രവാഹനം കേടുവരുത്താനും ശ്രമിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ജദീര്‍.