മുംബൈ: രാജ്യാന്തര തലത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കൊലപാതകക്കേസാണ് ഷീനാ ബോറ വധക്കേസ്. അതുപോലെ തന്നെ ഏറെ കോളിളക്കം സൃഷ്ട്ടിച്ചതാണ് ഷീനാ ബോറ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കൊലപാതകവും. തുമ്പുകിട്ടാതിരുന്ന ഈ കൊലപാതകത്തിന് നിര്‍ണായക വഴിത്തിരിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഷീന ബോറ കൊലപാതക കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഗ്യാനേശ്വര്‍ ഗാനോറിന്റെ ഭാര്യ ദീപാലി ഗാനോറിന്റെ കൊലപാതകത്തിന് പിന്നില്‍ അവരുടെ 21 വയസുകാരനായ മകനാണെന്നാണ് ഇപ്പോള്‍ പോലീസിന്റെ കണ്ടെത്തല്‍. അമ്മയുമായി നിരന്തരം വഴക്കിടാറുള്ള മകന്‍ സിദ്ധാനന്താണ് ഈ കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് താന്‍ അമ്മയെ കുത്തിയതെന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയത്. തിങ്കളാഴ്ച്ച രാത്രിയാണ് മുംബൈയിലെ സാന്ദാക്രൂസ് ഈസ്റ്റിലുള്ള വസതിയില്‍ ദീപാലിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഗ്യാനേശ്വറാണ് കൊലപാതക വിവരം പുറത്ത് അറിയിക്കുന്നത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് നിരന്തരം കുത്തി മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം രക്തം കൊണ്ട് അമ്മയെ മടുത്തെന്നും എന്നെ പിടികൂടി ജയിലിലടയ്ക്കു എന്നും ചുവരില്‍ എഴുതിയ ശേഷമാണ് സിദ്ധാനന്ത് നാട് വിട്ടത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ജോധ്പൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.