മുംബൈ: ചിത്രത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ട്രെയിന്‍ യാത്രയില്‍ ഉണ്ടായ പ്രശ്നത്തെ തുടര്‍ന്ന് ഷാരൂഖ് ഖാനെതിരെ കോട്ട റെയില്‍വേ പോലീസ് കേസെടുത്തു. തന്റെ പുതിയ ചിത്രമായ റായിസിന്റെ പ്രചാരണാര്‍ഥം മുംബൈയില്‍ നിന്നും ന്യൂഡല്‍ഹി വരെയായിരുന്നു ഷാരൂഖിന്റെ ട്രെയിന്‍ യാത്ര. ലഹളയുണ്ടാക്കുക, നിയമവിരുദ്ധമായി സംഘം ചേരുക, പൊതുമുതല്‍ നശിപ്പിക്കുക റെയില്‍വേ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് പോലീസ് ഷാരൂഖിനെതിരെ ചുമത്തിയിരിക്കുന്നത്.

യാത്രയ്‌ക്കെത്തിയ താരത്തിനെ കാണാന്‍ വന്‍ ജനാവലിയായിരുന്നു. ഈ തിരക്കില്‍ പ്ലാറ്റ്‌ഫോമിലെ തന്റെ കടയ്ക്ക് നാശനഷ്ടങ്ങളുണ്ടായെന്നും കടയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കപ്പെട്ടുവെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നും കാണിച്ച് കോട്ട റെയില്‍വേ സ്റ്റേഷനില്‍ സ്റ്റാള്‍ നടത്തുന്ന വിക്രം സിങ് എന്നയാളുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ പ്രചാരണത്തിനിടെ വഡോദര റെയില്‍വേ സ്റ്റേഷനില്‍ ഷാരൂഖ് ഖാനെ കാണാനെത്തിയ ആരാധകരുടെ തിരക്കിനിടയില്‍പ്പെട്ട് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.
