ശ്രീറാം വെങ്കിട്ടരാമന്റെ ചെയ്തികള്‍ ആരെയാണ് വിറളിപിടിപ്പിക്കുന്നത്; ഭരണ-പ്രതിപക്ഷം സബ് കളക്ടര്‍ക്കെതിരെ തിരിയുന്നതെന്തിന് ?

  • Post category:news
  • Reading time:2 mins read
You are currently viewing ശ്രീറാം വെങ്കിട്ടരാമന്റെ ചെയ്തികള്‍ ആരെയാണ് വിറളിപിടിപ്പിക്കുന്നത്; ഭരണ-പ്രതിപക്ഷം സബ് കളക്ടര്‍ക്കെതിരെ തിരിയുന്നതെന്തിന് ?

ഇടുക്കി: മൂന്നാറില്‍ ഭൂമാഫിയ കൈയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഉറച്ച നിലപാടിനെ തകര്‍ക്കാന്‍ ശ്രമിച്ച് സി.പി.എം പ്രാദേശിക നേതൃത്വം. അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരില്‍ ഇടുക്കി ജില്ലാ കളക്ടറും സബ് കളക്ടറും നടത്തുന്നത് തെമ്മാടിത്തരമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറഞ്ഞിരുന്നു. ഏക്കര്‍ കണക്കിന് ഭൂമി കൈയ്യേറിയ ഭൂമാഫിയയെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ നടന്നപ്പോള്‍ വി.എസിന്റെ കാലത്ത് സംഭവിച്ചത് പോലെ പുലിപോലെ വന്നത് എലിപോലെ പോയോ എന്ന് ജനങ്ങള്‍ സന്ദേഹിച്ചു. എന്നാല്‍ ആളുകളുടെ ഈ തെറ്റിദ്ധാരണ പാടെ മാറ്റികൊണ്ട് പുലിയല്ല, സാക്ഷാല്‍ പുലിമുരുകനാണ് താന്‍ എന്ന് തെളിയിച്ച് സബ്കളക്ടര്‍ മൂന്നാറിലെ താരമായി. കൈയ്യേറിയ ഭൂമി ഒഴിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സി.പി.എമ്മിന്റെ ഭാഗത്തു നിന്നും മുറു മുറുപ്പ് ഉണ്ടാകുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വക വയ്ക്കാതെ സബ് കളക്ടര്‍ മുന്നേറിയപ്പോള്‍ സംഘ പരിവാര്‍ ബന്ധവും കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നുവെന്നുമായി ആരോപണങ്ങള്‍. എന്നാല്‍ ഭൂമികയ്യേറിയിരിക്കുന്നവരില്‍ ആരും കുടിയേറ്റക്കാരല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് നടപടികള്‍ കുറച്ച് കൂടി ശക്തമാക്കി സബ് കളക്ടര്‍. തുടക്കത്തില്‍ ചെറു കയ്യേറ്റക്കാരെയായിരുന്നു ലക്ഷ്യമിട്ടത്. അവര്‍ക്കു വച്ച വലയില്‍ വമ്പന്മാര്‍ കൂടി വീണപ്പോള്‍ സബ് കളക്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി സി.പി.എം പ്രാദേശിക നേതൃത്വം.

അടിവേരിളകുമെന്ന് മനസ്സിലാക്കിയപ്പോള്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഏത് വിധേനയും തല്‍സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. കൈയ്യേറ്റം ഒഴിപ്പിക്കുന്ന ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമങ്ങള്‍ തീരെ പിടിക്കാത്ത ഭരണ പക്ഷവും പ്രതിപക്ഷവും അദ്ദേഹത്തിന്റെ നിലപാടിനെ പരിഹസിച്ച് തങ്ങള്‍ക്കാകും വിധം ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നത് പകല്‍ പോലെ തെളിഞ്ഞ കാര്യങ്ങള്‍. മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘സ്പിരിറ്റ് ഇന്‍ ജീസസ്’ കൈയ്യേറിയ 2000 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കുകയും അവിടെ സ്ഥാപിച്ചിട്ടുള്ള ഭീമന്‍ കുരിശ് നീക്കം ചെയ്യുകയും സമീപത്തുണ്ടായ ഷെഡ് പൊളിച്ച് നീക്കി കത്തിക്കുകയും ചെയ്ത സബ് കളക്ടര്‍ മതവികാരം വ്രണപ്പെടുത്തിയെന്നായി പുതിയ ആരോപണം. എന്നാല്‍ ക്രൈസ്തവ നേതക്കള്‍ പോലും കൈയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ച് മാറ്റിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ക്രിസ്തുവായിരിക്കുമെന്ന് പറയുമ്പോള്‍, ഭരണപക്ഷത്തിന് എന്താണ് പ്രശ്‌നമെന്ന് മനസ്സിലാകുന്നില്ല.

കുരിശ് പൊളിച്ചു മാറ്റിയതിനെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. കയ്യേറ്റക്കാരോടുള്ള സമീപനം കര്‍ക്കശമായിരിക്കും അതില്‍ ഒരു വിട്ടു വീഴ്ച്ചയുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി കുരിശ് എന്ത് പിഴച്ചു എന്ന് ചോദിക്കുന്നതിന്റെ പൊരുളാണ് ആര്‍ക്കും മനസ്സിലാകാത്തത്. കുരിശെന്നത് കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ വലിയതോതില്‍ വിശ്വസിക്കുകയും പ്രതീക്ഷയോടെ നോക്കിക്കാണുകയും ചെയ്യുന്നൊരു അടയാളമാണ്. അതിന്റെ നേരെ കൈവെക്കാന്‍ പോകുമ്പോള്‍, ഈ സംസ്ഥാനത്ത് ഒരു സര്‍ക്കാരുണ്ടെന്നും ആ സര്‍ക്കാരുമായി കൂടിയാലോചന നടത്താമായിരുന്നെന്നും ചിന്തിക്കേണ്ടേ… എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മൂന്നാറില്‍ നടന്ന കൈയ്യേറ്റം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് റവന്യു മന്ത്രി പ്രതികരിച്ചത്. മൂന്നാറില്‍ നടക്കുന്നത് കയ്യേറ്റം ഒഴിപ്പിക്കലാണെന്നും ആ നടപടിയുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുന്ന മഹായത്‌നത്തില്‍ അരയും തലയും മുറുക്കി പ്രവര്‍ത്തിക്കുന്ന സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടേയിരിക്കുന്നു. ഇനിയെന്ത് എന്ന കാര്യം നമുക്ക് കണ്ടു തന്നെ അറിയേണ്ടി വരും.

0Shares