കാസര്‍കോട്: യുവതികള്‍ക്കും ശബരി മലയില്‍ പ്രവേശനം നല്‍കണം എന്ന സുപ്രീം കോടതി വിധിക്കു ശേഷം കേരളത്തില്‍ കലാപമുണ്ടാക്കി മുതലെടുപ്പ് നടത്തുന്ന ശക്തികളെ മതേതര കേരളം തിരിച്ചറിയണമെന്ന് കേരള റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കേരളം മുന്നോട്ടാണ് നടക്കേണ്ടത്. മുന്നോട്ട് നടക്കുന്ന കേരളത്തെ പിന്നോട്ട് നടത്താന്‍ സംഘപരിവാര്‍ നടത്തിയ ഗൂഡാലോചനകളുടെ ഫലമായാണ് ഇന്ന് കാണുന്ന സമരങ്ങള്‍. ഇവര്‍ മതനിരപേക്ഷ കേരളത്തെ യഥാര്‍ത്ഥത്തില്‍ കലാപഭൂമിയാക്കുവാന്‍ ശ്രമിക്കുകയാണ്. പുരോഗമന കേരളം ഇതിനെ ചെറുക്കണം. എല്ലാ മേഖലയിലും കേരളത്തെ കൈ പിടിച്ചുയര്‍ത്തുന്ന കേരളത്തിലെ ജനകീയ സര്‍ക്കാറിനെ തകര്‍ക്കാമെന്നുള്ള ഇവരുടെ ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി ആഹ്വാന പ്രകാരം ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച നവോത്ഥാന സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാണ് അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രാജ്, ടി കൃഷ്ണന്‍, സുരേഷ് ബാബു, എം.ശ്രീജിത്ത്, അജിത്ത്. എം.സി, രാകേഷ് രാവണീശ്വരം എന്നിവര്‍ സംസാരിച്ചു.