വൈദ്യുതി മോഷണം പതിവായി; കർശന നടപടിയുമായി കെ.എസ്.ഇ.ബി

  • Post category:news
  • Reading time:1 min read
You are currently viewing വൈദ്യുതി മോഷണം പതിവായി; കർശന നടപടിയുമായി കെ.എസ്.ഇ.ബി

കാസർകോട്: ജില്ലയിൽ വൈദുതി മോഷണം പതിവായതിനെ തുടർന്ന് കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗം പരിശോധന കർശനമാക്കി. ചട്ടഞ്ചാൽ ഇലക്ട്രിക്ക് സെക്ഷൻ പരിധിയിൽ രണ്ടിടത്ത് വൈദ്യുത മോഷണം പിടികൂടി. ഞായറാഴ്ച പുലർച്ചെ കാസര്‍കോട് ആൻറി പവർ തെഫ്റ്റ് സ്ക്വാഡിന്‍റെ പരിശോധന വിഭാഗവും, ചട്ടഞ്ചാൽ സെക്ഷനിലെ ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധനയിൽ ഒരു വീട്ടിലും, ഒരു വ്യാപാര സ്ഥാപനത്തിലുമാണ് മോഷണം പിടികൂടിയത്.

ആൻറി പവർ തെഫ്റ്റ് സ്ക്വാഡ് അസിസ്റ്റന്റ് എൻജിനീയർ അഭയദേവ്, സബ് എൻജീനിയർമാരായ എം.മണികണ്ഠൻ, സദർ റിയാസ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ചട്ടഞ്ചാൽ ടൗണിനു സമീപം കുന്നാറ എന്ന പ്രദേശത്ത് വൈദ്യുതി മീറ്ററിൽ സർവ്വീസ് വയർ ഘടിപ്പിക്കുന്ന ടെർമിനലിൽ ഉപകരണങ്ങളുമായി ഘടിപ്പിക്കുന്ന വയർ കൂടി ചേർത്തുവെച്ച് ഉപഭോഗം മീറ്ററിൽ രേഖപ്പെടുത്താത്ത വിധത്തിലാണ് മോഷണം കണ്ടെത്തിയത് .

പുത്തരിയടുക്കത്ത് വൈദ്യുതി കണക്ഷൻ നൽകിയ സർവ്വീസ് വയറിലുള്ള ഇൻസുലേഷൻ കളഞ്ഞ് മറ്റൊരു വയർ ഉപയോഗിച്ച് വൈദ്യുതി മോഷണം നടത്തുകയായിരുന്നു. ലക്ഷം രൂപയോളം പിഴയിടാക്കുമെന്ന് അധികൃതർ പറഞ്ഞു. മോഷണം നടത്തിയ കൺസ്യൂമറുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
കാർഷികാവശ്യത്തിനുള്ള വൈദ്യുതി ദുരുപയോഗവും വൈദ്യുത മോഷണമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

0Shares