ന്യൂഡല്‍ഹി: ഒന്ന് ചുമ്മാപറ്റിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്? ഒരു രസത്തിന് മറ്റുള്ളവരെ പറ്റിക്കലിലൂടെ കിട്ടുന്നതിന്റെ സുഖം ഒരു സുഖം തന്നെ! റേഡിയോ പരിപാടിയിലും ടി.വി ചാനലുകളിലും മറ്റും പറ്റിക്കല്‍ പരിപാടികളിലൂടെ റെയിറ്റിങ്ങ് കൂടുമ്പോള്‍ ഇത്തരം പറ്റിക്കല്‍ താമശകള്‍ കണ്ട് ഏറെ ആസ്വദിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ വേറിട്ട ഒരു രീതിയില്‍ ‘പറ്റിക്കല്‍ പരിപാടിയുമായി’ വന്ന പ്രശസ്തനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇവിടെ ഏവരുടേയും കൈയടി നേടുകയാണ്. ‘കാര്യഗൗരവം നിറഞ്ഞ ഈ കളി തമാശ’ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഡല്‍ഹിയിലെ ഒരു മൈതാനിയില്‍ ജനുവരിയിലെ തണുത്ത വെളുപ്പാന്‍ കാലത്ത് കുട്ടികള്‍ ക്രിക്കറ്റ് പരിശീലിക്കവെ അവിടെ വേഷ പ്രച്ഛന്നനായി എത്തിയ രാജ്യത്തിന്റെ കായിക പ്രതിഭയായ യൂസഫ് പഠാന്‍ കുട്ടികളുമായി പങ്കുചേര്‍ന്ന് കളിക്കുന്നതും പൊടുന്നനെ ആ കുട്ടിപട്ടാളത്തെ അദ്ദേഹം ആശ്ചര്യഭരിതമാക്കുന്നതും രസകരമായ ദൃശ്യങ്ങളിലൂടെയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
ഡല്‍ഹിയിലെ മൈതാനിയില്‍ കുട്ടികള്‍ പരിശീലിക്കുന്ന ഇടത്തേക്ക് കാറില്‍ ഒരു അപരിചിതന്‍ വന്നിറങ്ങുന്നു. താടിയും മുടിയും നീട്ടിയ ഒരു വൃദ്ധന്‍. ശരീരം കോച്ചുന്ന തണുപ്പിനെ പ്രതിരോധിക്കാന്‍ കമ്പിളി വസ്ത്രം ധരിച്ച് കൂനിക്കൂടിയാണ് പുള്ളിക്കാരന്റെ വരവ്. കുറച്ച് നേരം അയാള്‍ കുട്ടികളുടെ കളി കണ്ടുനിന്നു. പിന്നീട് കുട്ടികള്‍ക്ക് ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിത്തുടങ്ങി. അങ്ങനെയല്ല, ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് അവര്‍ക്ക് കളിയുടെ ഗുട്ടന്‍സ് പകര്‍ന്നു കൊടുത്തു. ഫോക്കസ് ഫോക്കസ് എന്നൊക്കെ പറഞ്ഞ് കുട്ടികളുടെ കൈയ്യില്‍ നിന്നും പന്തും ബാറ്റും കരസ്ഥമാക്കി. ഒരു പരിശീലകനെ പോലെ വൃദ്ധന്‍ മൈതാനിയില്‍ നിറഞ്ഞു കളിക്കാന്‍ തുടങ്ങിപ്പോള്‍ കുട്ടിക്കളി സംഘം വിസ്മയം പൂണ്ടു. കണ്ടു നിന്ന അവര്‍ വാപൊളിച്ച് നോക്കി നിന്നു. പന്തുകളൊക്കെ ഒരു ഇന്റര്‍നാഷണല്‍ താരത്തിന്റെ മികവില്‍ പുറത്തേക്ക് പറന്നു. ഇതോടെ പ്രാങ്കുകള്‍ കണ്ടു പരിചയിച്ചിട്ടുള്ള കുട്ടികള്‍ ഈ അപരിചിതനുചുറ്റും കൂടി. അവര്‍ അദ്ദേഹത്തിന്റെ താടിയും മുടിയുമൊക്കെ പിടിച്ചു വലിച്ചും തൊട്ടുനോക്കിയും സംശയിച്ചങ്ങനെ നിന്നപ്പോഴാണ്, താരം തന്റെ തലപ്പാവും മുടിയും മീശയുമൊക്കെയങ്ങ് മാറ്റിയത്. തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ യൂസഫ് പഠാനാണ് എന്ന് ഒട്ടും വിശ്വസിക്കാന്‍ പറ്റാതെ കുട്ടികള്‍ അമ്പരന്നു. സന്തോഷഭരിതരായ കുട്ടികള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കി സെല്‍ഫിയുമെടുത്ത ശേഷമാണ് ക്രിക്കറ്റ് താരം മൈതാനം വിട്ടത്. നടന്നത് സ്വപ്‌നമോ സത്യമോ എന്നോര്‍ത്ത് കുട്ടികള്‍ തെല്ലിടനേരം മുഖാമുഖം നോക്കിനിന്നു.