മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ മഷിമായും മുമ്പ് മലപ്പുറം ജില്ലക്കാര്‍ മറ്റൊരു തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയെ വന്‍ ഭൂരിപക്ഷം നല്കി വിജയിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടുമൊരു തിരഞ്ഞെടുപ്പിന് ജില്ലയില്‍ അരങ്ങൊരുങ്ങുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ സജീവ സാന്നിദ്ധ്യമാവാന്‍ പോകുന്ന കുഞ്ഞാലിക്കുട്ടിക്ക് വേങ്ങര മണ്ഡലത്തില്‍ പകരക്കാരനെ കണ്ടെത്താനാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത്. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് പകരമായി ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന് അബ്ദുള്‍റഹ്മാന്‍ രണ്ടത്താണിക്കാണ് മുന്‍ഗണന എന്നറിയുന്നു.

മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, അഡ്വ.കെ.എന്‍.എ ഖാദര്‍ എന്നിവരും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കുഞ്ഞാലിക്കുട്ടിയുടെത് തന്നെയായിരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ എതിരാളിയായി എല്‍.ഡി.എഫിലെ യുവ നേതാക്കളില്‍ ആരെയെങ്കിലുമായിരിക്കാം പരിഗണിക്കുക എന്നറിയുന്നു. ഇത്തവണ മലപ്പുറത്തെ ഏഴ് നിയമസഭാമണ്ഡലങ്ങളിലും ശക്തമായ മേല്‍ക്കൈനേടാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചിട്ടുണ്ട്. വേങ്ങരയില്‍ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ വോട്ട് ഇക്കുറി വര്‍ദ്ധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ വേങ്ങരയില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരായാലും ശരി ഈസിവാക്ക് ഓവര്‍ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.