വിജിലന്‍സ് റിപ്പോര്‍ട്ട് ദിലീപിന് അനുകൂലം; ഡി സിനിമാസ് തീയറ്റര്‍ ഭൂമി കൈയേറിയിട്ടില്ല

  • Post category:news
  • Reading time:1 min read
You are currently viewing വിജിലന്‍സ് റിപ്പോര്‍ട്ട് ദിലീപിന് അനുകൂലം; ഡി സിനിമാസ് തീയറ്റര്‍ ഭൂമി കൈയേറിയിട്ടില്ല


തിരുവനന്തപുരം: നടന്‍ ദിലീപിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഡി സിനിമാസ് തീയറ്റര്‍ നിര്‍മ്മിക്കുന്നതിനായി ഭൂമി കൈയേറിയെന്ന കേസില്‍ ദിലീപിനെ അനുകൂലിച്ച് വിജിലന്‍സ്. ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ, ഡി സിനിമാസിനൊപ്പമുള്ളത് സമീപമുള്ള ഒരു ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ്. സര്‍ക്കാരിന്റെയോ പുറമ്പോക്കോ ആയ ഭൂമി ഡി സിനിമാസില്‍ ഇല്ലെന്നു ജില്ലാ കലക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ജില്ലാ സര്‍വേ സൂപ്രണ്ടും വ്യക്തമാക്കിയിരുന്നതാണ്.

ക്ഷേത്രത്തിന്റെ 90 സെന്റില്‍ ഒന്നര സെന്റ് സ്ഥലം ദേശീയപാതയ്ക്കായി വിട്ടുകൊടുത്തിരുന്നു. വിട്ടുകൊടുത്ത ഭൂമിയുടെ രേഖയില്‍ പുറമ്‌ബോക്ക് എന്ന് രേഖപ്പെടുത്തിയപ്പോള്‍ ദിലീപിന്റെ ഭൂമിയിലും പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിരുന്നു. അത് പിന്നീട് തിരുത്തിവാങ്ങിയിരുന്നു. എന്നാല്‍ പുറമ്പോക്ക് ഭൂമിയുടെ മറവില്‍ കയ്യേറ്റം നടന്നുവെന്നും ആരോപണം ഉയര്‍ന്നു. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോട് പുറമ്പോക്കും ഉള്‍പ്പെടുന്നതായും ആരോപണം ഉയര്‍ന്നു.

എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു സര്‍വേ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പല രേഖകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നുമായിരുന്നു കലക്ടര്‍ കൗശിക് റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ ദിലീപ് വാങ്ങുന്നതിന് മുന്‍പ് ഈ ഭൂമി ഏഴു തവണ കൈമാറിയിട്ടുണ്ടെന്നും അപ്പോഴെല്ലാം ഉടമകളുടെ പേരില്‍ നികുതിയും അടച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഒടുവില്‍ വിജിലന്‍സ് റിപ്പോര്‍ട്ടും ദിലീപിന് അനുകൂലമായതോടെ ഭൂമി കയ്യേറ്റ വിവാദത്തിന് അവസാനമാകുകയാണ്.

0Shares