
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ ഏറ്റവും ഭീതിജനകമായ അന്തരീക്ഷം ഇക്കുറി ഉണ്ടായത് വയനാടും മലപ്പുറത്തുമാണ്. ദുരന്തഭൂമിയായി മാറിയ രണ്ട് ജില്ലകള്‍. ഇപ്പോഴും കണ്ണീര്‍ തോരാതെ നിൽക്കുമ്പോൾ തന്നെ വയനാട് ജില്ലയിൽ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായി.

ജില്ലയിലെ കുറിച്യര്‍ മലയിലാണ് ഉരുള്‍പൊട്ടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടുന്നത്. പ്രദേശവാസികളെ മുഴുവന്‍ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ദുരന്തം ഒഴിവായി. ഉരുള്‍പൊട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഭീതിജനകമായ അവസ്ഥയാണ് നിലവിലുള്ളത്.
ഭയന്നു വിറങ്ങലിച്ചിരിക്കുകയാണ് ഒരു നാട് മുഴുവന്‍. ഒരു ദുരന്തം കണ്ട് പേടി തീര്‍ന്നില്ല. ഒരു വര്‍ഷം തികയും മുന്‍പ് അടുത്ത ദുരന്തം. വയനാട് പുത്തുമലയിലാണ് ഏറ്റവും വലിയ ദുരന്തം ഉണ്ടായത്. 30 ഓളം വീടുകള്‍ മണ്ണിനടിയില്‍പെടുകയായിരുന്നു. പുത്തുമലയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇനിയും ഏഴുപേരെ കണ്ടെത്താനുണ്ട്.
