ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്നാട് ഗവർണറുടെ നടപടിയും വിവാദത്തിൽ. വാര്ത്താസമ്മേളനത്തിനിട ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ കവിളിൽ തലോടി ചോദ്യത്തിനുള്ള മറുപടിപറയാതെ സ്നേഹം പ്രകടിപ്പിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വനിത പ്രഫസര്‍ക്ക് ഗവര്‍ണറുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നിലനിൽക്കെ അത് നിഷേധിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണറുടെ വിവാദമായ പെരുമാറ്റം ഉണ്ടായിരിക്കുന്നത്.
78കാരനായ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കുമ്പോഴായിരുന്നു ദ വീക്കിലെ ലക്ഷ്മി സുബ്രഹ്മണ്യം ചോദ്യം ഉന്നയിച്ചത്. ചോദ്യത്തിന് ഉത്തരം പറയാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തട്ടി സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു ഗവര്‍ണര്‍.
എന്നാൽ ഗവര്‍ണറുടെ നടപടി ശരിയായില്ലെന്ന് ലക്ഷ്മി സുബ്രഹ്മണ്യം പ്രതികരിച്ചു. തൻ്റെ അനുവാദമില്ലാതെ, അധികാരഭാവത്തോടെ ചോദ്യത്തിനുത്തരമെന്ന നിലയില്‍ കവിളില്‍ തലോടിയത് ശരിയായില്ലെന്ന് ലക്ഷ്മി ട്വിറ്ററില്‍ രൂക്ഷമായി പ്രതികരിച്ചു. ഇതോടെ സംഭവം വിവാദത്തിലുമായി.