വടകരയില്‍ കൊട്ടിക്കലാശത്തിനിടയിൽ എൽ.ഡി.എഫ് – യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും; തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 വരെ നിരോധനാജ്ഞ

  • Post category:news
  • Reading time:1 min read
You are currently viewing വടകരയില്‍ കൊട്ടിക്കലാശത്തിനിടയിൽ എൽ.ഡി.എഫ് – യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും;  തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 വരെ നിരോധനാജ്ഞ

വടകര: എൽ.ഡി.എഫ് – യു.ഡി.എഫ് സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനായി വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെയാണ് ജില്ലാ കളക്ടര്‍ സാംബശിവ റാവു ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാന്‍ പാടില്ല.

ഇത് കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍, ഫ്‌ളെയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വലന്‍സ് ടീമുകള്‍ എന്നിവര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വടകരയില്‍ കൊട്ടിക്കലാശത്തിനിടെ ഇടത്- വലത് മുന്നണി പ്രവർത്തകർ തമ്മിൽ വാക്കേറ്റവും തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. നേതാക്കൾ ഇടപെട്ട് ആവേശഭരിതരായ പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെ സംഘർഷം വഷളായില്ല. നിശ്ചയിച്ചുറപ്പിച്ച സ്ഥലപരിധി പ്രവർത്തകർ മറികടന്നതാണ് സംഘർഷത്തിന് കാരണമായത്.

നൂറുകണക്കിന് പ്രവർത്തകർ കൊട്ടിക്കലാശത്തിനായി ഇരുഭാഗത്തേക്കും ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. സംഘർഷം ഒഴിവാക്കാൻ കർശന സുരക്ഷയാണ് പോലീസും കേന്ദ്രസേനയും വടകരയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

0Shares