
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ സോണി എം. ഭട്ടതിരിപ്പാടിനെ കാണാതായിട്ട് ഒന്‍പത് വര്‍ഷം തികയുന്നു. 2008ല്‍ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള റിപ്പോര്‍ട്ട് ചെയ്തു മടങ്ങുമ്പോഴാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഇന്ത്യാവിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന സോണി എം ഭട്ടതിരിപ്പാടിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഗോവ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

തിരോധാനം സംബന്ധിച്ച് രഞ്ജിത്ത് ഗോപാലകൃഷ്ണന്‍ എന്നയാള്‍ നരേന്ദ്രമോദിക്ക് അയച്ച പരാതിയിന്മേലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അടിയന്തിര ഇടപെടലുണ്ടായിരിക്കുന്നത്. പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം പരാതിക്കാരനായ രഞ്ജിത്തിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനാണ് നിര്‍ദേശം.
ആറുവര്‍ഷം മുന്‍പാണ് സോണി നയിച്ച ഇന്ത്യാവിഷന്‍ സംഘം ഗോവയിലേക്കു ചലച്ചിത്രമേളയ്ക്കായി പോയത്. അവിടെ വച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അദ്ദേഹം മംഗലാപുരത്ത് ചികിത്സ തേടി. ആശുപത്രിയില്‍ നിന്നു നാട്ടിലേക്കു മടങ്ങും വഴി ട്രെയിനില്‍ വച്ച് കാണായി. കൂടെയുണ്ടായിരുന്ന ഭാര്യാപിതാവ് ഗണപതി നമ്പൂതിരിയോട് ടോയ്ലറ്റില്‍ പോയി ഉടന്‍ തിരിച്ചു വരാമെന്നു പറഞ്ഞാണ് പോയത്. തുടര്‍ന്ന് ഗണപതി നമ്പൂതിരി വണ്ടിയില്‍ മുഴുവന്‍ നടന്ന് അന്വേഷിച്ചെങ്കിലും സോണിയെ കണ്ടെത്താനായില്ല. 23 നവംബര്‍ 2008ലാണ് സോണി ഗോവയിലേക്കു തിരിച്ചത്. ഡിസംബര്‍ എട്ടിനാണ് കാണാതാകുന്നത്. ആദ്യമൊക്കെ ഭാര്യക്കു എസ്എം.എസ് അയച്ചെങ്കിലും അധികം വൈകാതെ അതും നിന്നു. പോലീസിലും ക്രൈംബ്രാഞ്ചിലും പരാതി നല്‍കി. അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല.
