
കാസർകോട്: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തര്‍ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ കളക്ടര്‍മാരുടേയും പോലീസ് മേധാവികളുടേയും ആദായ നികുതി, എക്‌സൈസ് മേധാവികളുടേയും യോഗം കാസര്‍കോട് നടത്തി. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു വിളിച്ചു ചേര്‍ത്ത അടിയന്തിര അവലോകനയോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖികരിക്കാനിടയുള്ള വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്തു. പരിഹാര നടപടികള്‍ തീരുമാനിച്ചു. അതിര്‍ത്തി കടന്ന് അക്രമം നടത്താനെത്തുന്നവരെയും മദ്യകടത്തുകാരേയും സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ നല്‍കി സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നവരേയും സംയുക്തമായി കൈകാര്യം ചെയ്യുന്നതിനും ഉന്നതതല യോഗം തീരുമാനിച്ചു. അതിര്‍ത്തികളിലെ അനധികൃത മദ്യകേന്ദ്രങ്ങളില്‍ സംയുക്ത പരിശോധന നടത്തും. അന്തര്‍ സംസ്ഥാന പിടികിട്ടാപ്പുള്ളികളെ കസ്റ്റഡിയിലെടുത്ത് കൈമാറും.
യോഗത്തില്‍ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ശശികാന്ത് ഐ.എ.എസ്, കുടക് ഡെപ്യൂട്ടി കമ്മീഷണര്‍ ആനീസ് ജോയ് ഐ.എ.എസ് തലശേരി സബ് കളക്ടര്‍ ആബില്‍ ഐ.എ.എസ്, കാസര്‍കോട് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, കുടക് ജില്ലാ പോലീസ് മേധാവി സുമന്‍, കാസർകോട് എ.എസ്.പി ശില്പ, അഡിഷണല്‍ ഡി.വൈ.എസ്.പി പി.ബി പ്രശോഭ്, കാസര്‍കോട് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ വി.പി അബ്ദുറഹ്മാന്‍, കണ്ണൂര്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എ.കെ രമേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
